കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം: തൊഴില്‍ മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തൊഴിലിടങ്ങളില്‍ ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുളള ലക്ഷക്കണക്കിന് തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന സുപ്രധാന നിയമഭേദഗതി ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

<strong>മഹാഭാരതം 2020ൽ തിയേറ്ററുകളിലെത്തും, എംടിയുടെ തിരക്കഥ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് നിർമാതാവ്....</strong>മഹാഭാരതം 2020ൽ തിയേറ്ററുകളിലെത്തും, എംടിയുടെ തിരക്കഥ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് നിർമാതാവ്....

നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുളള പിഴ ഓരോ വകുപ്പുകളിലും 5000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിക്കും. ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തിയാല്‍ പിഴ 10000 ല്‍ നിന്ന് ഒരുലക്ഷം രൂപയാക്കും. തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു തൊഴിലാളിക്ക് 2500 രൂപ നിരക്കിലാണ് ഉടമകള്‍ക്ക് പിഴചുമത്തുകയെന്നും മന്ത്രി പറഞ്ഞു. കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

tpramakrishnan

സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും ലിംഗ സമത്വം നടപ്പാക്കുമെന്നും സര്‍ക്കാറിന്റെ തൊഴില്‍ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവമനുസരിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ യാത്രാസൗകര്യം ഒരുക്കുമെന്നും ആഴ്ച അവധി, വിശ്രമ ഇടവേള സൗകര്യം നിര്‍ബന്ധമാക്കുമെന്നും തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. ഇന്ന് പലയിടത്തും തൊഴിലാളികള്‍ അനുഭവിക്കുന്ന ക്ലേശകരമായ തൊഴിലന്തരീക്ഷം ഇതോടെ അവസാനിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഇതാദ്യമായി പെന്‍ഷന്‍ നിലവില്‍ വരികയാണ്. 10 വര്‍ഷമായി തുടര്‍ച്ചയായി അംശാദായം അടച്ച 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ക്ഷേമനിധി അംശാദായം 20 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മന്ത്രി അറിയിച്ചു.

ഓര്‍ഡിനന്‍സ് നിലവില്‍ വന്ന സാഹചര്യത്തില്‍ ഇത് നടപ്പിലാക്കിയെന്ന് ഉറപ്പു വരുത്താന്‍ എല്ലാവരുടേയും ഇടപെടല്‍ ഉണ്ടാകണം. നിയമഭേദഗതിയുടെ അടിസ്ഥാനത്തിലുളള അവകാശങ്ങള്‍ ലഭിച്ചെന്ന് തൊഴിലാളികള്‍ ഉറപ്പു വരുത്തണം. തൊഴിലുടമകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കണം. കര്‍ശനമായി നിയമം നടപ്പിലാക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂനിയനുകളും ആവശ്യമായ ഇടപെടല്‍ നടത്തണം. മെച്ചപ്പെട്ട തൊഴിലാളി - തൊഴിലുടമ ബന്ധം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. തൊഴില്‍ മേഖല സംതൃപ്തവും സമാധാന പൂര്‍ണവുമായിരിക്കണം. തുണിക്കടകളും ജ്വല്ലറികളും ഉള്‍പ്പെടെ കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുളള തൊഴിലാളികള്‍ അതികഠിനമായ തൊഴില്‍ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറുവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലുളള വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ട്. രാത്രി ഒന്‍പത് മണി വരെ സ്ത്രീ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറു വരെ സ്ത്രീകളുടെ അനുവാദത്തോടെ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ വീതമുളള ഗ്രൂപ്പിനെ നിയോഗിക്കാം. അത്തരം ഘട്ടങ്ങളില്‍ സ്ത്രീ തൊഴിലാളികളുടെ സുരക്ഷയും താമസ സ്ഥലത്തേക്കുളള യാത്ര സൗകര്യവും തൊഴിലുടമ ഉറപ്പാക്കിയിരിക്കണം. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു.

അപ്രന്റീസുമാരും താത്കാലിക സെക്യൂരീറ്റി ജീവനക്കാരും ഉള്‍പ്പെടെ ഏത് സ്ഥാപനത്തിലേയും എല്ലാ വിഭാഗം തൊഴിലാളികളേയും കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തും. കേരളത്തിലെ കടകളും വാണിജ്യസ്ഥാനങ്ങളും ആക്ടിന്റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളിലായി 35 ലക്ഷം തൊഴിലാളികളുണ്ട്. 28 മേഖലകളിലെ സ്ഥാപനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ നിലവില്‍ 1,70,434 സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 7,05,082 തൊഴിലാളികള്‍ക്കു മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമുളളത്. ഈ അവസ്ഥയ്ക്ക് ഉടന്‍ മാറ്റമുണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.

കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ പി.കെ മുരുകന്‍ അഡ്വ. എം.രാജന്‍, കെ.ജി പങ്കജാക്ഷന്‍, യു.പോക്കര്‍ ഒ.കെ ധര്‍മരാജന്‍, ബിജു ആന്റണി, മുഹമ്മദ് സൂഹൈല്‍ ടി.വി, ബോര്‍ഡ് ഡയറക്ടര്‍മാരായ ടി.കെ ലോഹിതാക്ഷന്‍, പി. സുബ്രഹ്മണ്യം, ജി.വസന്തകുമാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീനാപോള്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ലത തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ജില്ലകളിലെ ക്ഷേമനിധി അംഗങ്ങളുടെ എസ്.എസ്.എല്‍.സി മുതലുളള അംഗീകൃത കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ 130 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Kozhikode
English summary
minister tp ramakrishnan about employee's right to sit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X