സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഡെപ്യൂട്ടേഷന്‍ സാധ്യം, ബിടെക്കുകാര്‍ നന്നായി പ്രൊജക്റ്റുകള്‍ ചെയ്യും: മൈനോറിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍
കോഴിക്കോട്: അദീബ് പരമയോഗ്യനാണെന്നും എല്ലാം നിയമാനുസൃതമാണെന്നും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ തൊഴിലില്‍ ഡെപ്യൂട്ടേഷന്‍ സാധ്യമാണെന്നും മറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്കു മതിയായ യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെന്നും ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബും മാനെജിങ് ഡയരക്റ്റര്‍ വി.കെ അക്ബറും വ്യക്തമാക്കി. നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്നും പറഞ്ഞു.
അഭിമുഖത്തിന് എത്തിയ ആറു പേരും യോഗ്യരായിരുന്നില്ല. സഹീര്‍ കാലടിക്ക് എക്‌സിക്യൂട്ടിവ് എംബിഎ ആണ് ഉണ്ടായിരുന്നത്. സാജിദും അനസും ജോലി ചെയ്തിരുന്നത് സ്വകാര്യ സ്ഥാപനത്തില്‍ ആയിരുന്നു. മോഹനന്‍ എസ്ബിഐ ലൈഫ് എന്ന ഇന്‍ഷുറന്‍സ് കമ്പനിയിലെ പഴയകാല ജീവനക്കാരനായിരുന്നു. ബാബു വി.കെയ്ക്ക് എംബിഎ ഉണ്ടായിരുന്നില്ല. റിജാസ് ഹാരിസ് മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍തന്നെ കരാര്‍ തൊഴിലാളിയാരിന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച എംബിഎ അല്ലെങ്കില്‍ ബിടെക് പിജിഡിബിഎ എന്ന യോഗ്യത അദീബിന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രിയുടെ ബന്ധുവാണ് എന്നത് അയോഗ്യതയല്ല.

നല്ല സാമര്‍ഥ്യം ആവശ്യമുള്ള തൊഴിലാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനെജര്‍ പദവി. അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്, മൈക്രോ ക്രെഡിറ്റ്, പ്രൊജക്റ്റ് എന്നിങ്ങനെ നാലു മേഖലകളില്‍ ശ്രദ്ധിക്കണം. പ്രൊജക്റ്റ് ചെയ്യാന്‍ നന്നായി സാധിക്കുക ബി.ടെക്കുകാരെക്കൊണ്ടാണ്. അദീബ് ഇക്കാര്യത്തില്‍ മിടുക്കനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഒട്ടനവധി പ്രൊജക്റ്റുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെയോ നിയമസഭയുടെയോ നിയമ പ്രകാരം രൂപീകൃതമായ സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. അതിനാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഡെപ്യൂട്ടേഷന്‍ സാധ്യമാണെന്നും ഇരുവരും വിശദീകരിച്ചു.












Click it and Unblock the Notifications