കത്രിക വയറില്‍ കുടുങ്ങിയ സംഭവം: അവശ നിലയിലായിട്ടും ഹർഷിനയോട് നേരിട്ടെത്താന്‍ മെഡിക്കല്‍ കോളേജ്
കോഴിക്കോട്: പ്രസവ ശസ്ത്രിക്രിയക്കിടെ കത്രിക വയറില്‍ കുടുങ്ങിയ സ്ത്രീയോട് നീതിനിഷേധം തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ. ശസ്ത്രക്രിയ ഉപകരണം ഡോക്ടർമാർ വയറില്‍ മറന്ന് വെച്ചതിനെ തുടർന്ന് അഞ്ച് വർഷം വേദന അനുഭവിച്ച ഹർഷിന മെഡിക്കല്‍ കോളേജിില്‍ നേരിട്ടെത്തി അന്വേഷണത്തിന്റെ ഭാഗമാവണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വീഴ്ച പരിശോധിക്കാൻ മെഡിക്കല്‍ കോളേജ് നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിലാണ് ഹർഷിനയോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ശാരീരിക അവശതകൾ ഉണ്ടെന്നും നേരിട്ട് എത്താനാവില്ലെന്നും അറിയിച്ചെങ്കിലും നേരിട്ട് എത്തണമെന്നതില്‍ അധികൃതർ ഉറച്ച് നില്‍ക്കുകയാണെന്നും അടിവാരം സ്വദേശി ഹർഷിന പറയുന്നു. അടിവാരത്ത് നിന്നും ഒന്നരമണിക്കൂറിലേറെ യാത്രചെയ്താല്‍ മാത്രമെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്താന്‍ സാധിക്കുകയുള്ളു. വലിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ ഈ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് ഹർഷിന വ്യക്തമാക്കുന്നത്.

ആശുപത്രിക്ക് സംഭവിച്ച പിഴവിനെ കുറിച്ച് ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷിക്കണമെന്നും നീതി കിട്ടാൻ ആരോഗ്യമന്ത്രി ഇടപെടണമെന്നും ഹർഷിന ആവശ്യപ്പെടുന്നു. ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചെ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വിശദീകരണം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മെഡിക്കല്‍ കോളേജിനെതിരായ ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ ഇപി ഗോപി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പരാതി ഉന്നയിച്ച ഹർഷിനയുടെ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്‌സുമാര്‍ ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് ആശുപത്രികളില്‍ നിന്ന് കൂടി യുവതിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ സംഭവം നടന്നത് മെഡിക്കല്‍ കോളേജില്‍ നിന്നും അല്ലെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

തെറ്റുപറ്റിയെന്ന് ഡോക്ടർമാർ തന്നെ സമ്മതിക്കുന്നതാണ് വീഡിയോയിലുള്ളത്. പരാതിക്കാരിയായ ഹർഷിനയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളേജിലേതാണെന്ന് സുപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്നും ഇതിലുണ്ട്. യുവതിയുടെ ബന്ധുക്കളോട് ഡോക്ടർമാർ നടത്തിയ സംഭാഷണത്തിന്റെതായിരുന്നു ദൃശ്യങ്ങള്‍.

2017 നവംബർ 30 നായിരുന്നു ഹർഷീനയുടെ പ്രസവ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചും കഴിഞ്ഞത്. ഇതിന് പിന്നാലെ ഹർഷീനയ്ക്ക് നിരന്തരം അവശതയും വേദനയും അനുഭവപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസമായി അസ്വസ്ഥത കൂടിയതോടെ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.












Click it and Unblock the Notifications