കോഴിക്കോട് ഡാ... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ ഭരണകൂടത്തിന് അകമഴിഞ്ഞ സഹായവുമായി കോഴിക്കോട്ടെ സുമനസ്സുകള്‍. കലക്ടര്‍ യു.വി ജോസിന്റെ മേല്‍നോട്ടത്തിലാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നത്. സാമൂതിരി കുടുംബം, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, വ്യവസായ വാണിജ്യ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, കൂടുംബശ്രീ, വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകള്‍, തുടങ്ങി സമൂഹത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. സ്വന്തം നിലയില്‍ ദുരിത മേഖലയില്‍ സഹായങ്ങള്‍ എത്തിക്കുന്നവരും ധാരാളമായിട്ടുണ്ട്.
ജില്ലാ കലക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വടകര ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതര്‍ അടിയന്തിരമായി അസംബ്ലി വിളിച്ചു ചേര്‍ക്കുകയും വിദ്യാര്‍ത്ഥികളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആവശ്യം ഇരുകയ്യും നീട്ടി സ്വീകരിച്ച കുട്ടികള്‍ ഇത്തവണത്തെ ഓണാഘോഷം വേണ്ടെന്നു വെക്കാനും ഇതിനായി മാറ്റിവെച്ച തുക മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും തയ്യാറായി.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കലക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ എന്നിവ സംയുക്തമായി തുകപിരിച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക് കലക്ടര്‍ക്ക് കൈമാറി. സകൂളുകള്‍ക്കിടയില്‍ പുതിയ മാതൃകയ്ക്ക് തുടക്കമാകാന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രിന്‍സിപ്പള്‍ എം ഹരീന്ദ്രന്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ ടി.കെ, പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത് പി.വി, അധ്യാപിക ബേബി മോഹന്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നേരിട്ടാണ് തുക ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.












Click it and Unblock the Notifications