മുക്കം നഗരസഭ യുഡിഎഫ് പിടിക്കുമോ: ഇടതിന് പ്രതിസന്ധിയായി അംഗങ്ങളുടെ അതൃപ്തി
മുക്കം: 2021 ന്റെ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന ഇടമായിരുന്ന മുക്കം നഗരസഭ. എല്‍ ഡി എഫിനെതിരെ യുഡിഎഫും വെല്‍ഫെയർ പാർട്ടിയും സംയുക്തമായി മത്സരിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്താന്‍ ഇടതുപക്ഷത്തിന് സാധിക്കുകയായിരുന്നു.
ലീഗ് വിമതന്റെ പിന്തുണയായിരുന്നു ഭരണ നിലനിർത്തുന്നതില്‍ എല്‍ ഡി എഫിന് സഹായകരമായ. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അതേ ലീഗ് വിമതന്‍ തന്നെ ഇടത് മുന്നണിക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാഴ്ചയാണ് മുകത്ത് കാണാന്‍ സാധിക്കുന്നത്.

33 അംഗ മുക്കം നഗരസഭ ഭരണസമിതിയില്‍ എല്‍ ഡി എഫിനും യു ഡി എഫ്-വെല്‍ഫെയർ സഖ്യത്തിനും 15 വീതം അംഗങ്ങളാണുള്ളത്. എന്‍ ഡി എയ്ക്ക് രണ്ടുപേരുമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഭരണം നിലനിർത്താന്‍ എല്‍ ഡി എഫ് ലീഗ് വിമതന്‍ അബ്ദുള് മജീദിന്റെ പിന്തുണ തേടിയത്. എന്നാല്‍ ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും ലീഗ് വിമതന്റെ നിലപാടുകള്‍ക്ക് മുന്നില്‍ പാർട്ടിക്ക് വഴിപ്പെടേണ്ടി വരുന്നുവെന്ന ആക്ഷേപമാണ് ഇടത് അംഗങ്ങള്‍ തന്നെ ഉയർത്തുന്നത്.

കഴിഞ്ഞ ദിവസം അസി.എന്‍ജിനീയർക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭസമിത യോഗത്തില്‍ സ്ഥിരം സമിതി ചെയർപേഴ്സണ്‍ ഉള്‍പ്പടെ രണ്ട് ഇടത് അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് വോട്ട് ചെയ്തതിന് പിന്നിലും ലീഗ് വിമതനോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അംഗങ്ങളുടെ ഈ നടപടിയില്‍ സി പി എമ്മിലും അസ്വാരസ്യം പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞു.

വോട്ടുമാറി ചെയ്ത അംഗത്തിന്റേതെന്ന പേരില്‍ ഒരു ശബ്ദ സന്ദേശവും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭരണം താങ്ങിനിർത്തുന്ന ലീഗ് വിമതന്റെ അമിതാധികാര പ്രയോഗത്തില്‍ പ്രതിഷേധിച്ച്ച മനഃപൂർവ്വം പ്രതിപക്ഷത്തിനൊപ്പം ചേർന്നുവെന്നാണ് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ അംഗ പറയുന്നത്. പ്രതിപക്ഷം ഇത് ഇടത് ഭരണത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിട്ടുണ്ട്.

നഗരസഭയില്‍ പുതിയ ഭരണ സമിതി വന്നത് മുതല്‍ തന്നെ ഇടത് അംഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥകകളുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വർഷങ്ങളായി പഞ്ചായത്തിലും നഗരസഭയിലും അംഗങ്ങളായും മറ്റ് സ്ഥാനങ്ങള്‍ വഹിച്ചും പരിചയമുള്ള വനിത നേതാക്കളുണ്ടായിട്ടുണ്ട് പുതുമുഖത്തെയായിരുന്നു വൈസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതില്‍ ചില അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

അസി. എൻജിനീയർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും കേസ് നടപടികളുമായി ബന്ധപ്പെട്ട് ചെയർമാൻ ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കവുമായി യോഗം ചേർന്നത്. എന്നാല്‍ വെൽഫെയർ പാർട്ടി, യു ഡി എഫ് അംഗങ്ങൾ നടപടി നീക്കത്തെ എതിർത്തതോടെ നടപടി വോട്ടിന് ഇടേണ്ടി വന്നു. സ്ഥിരംസമിതി ചെയർപേഴ്സൻ പ്രജിത പ്രദീപും മുതിർന്ന അംഗം വളപ്പിൽ ശിവനും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് നടപടി നീക്കത്തിനെതിരെ കൈ പൊക്കിയതോടെ 14നെതിരെ 16 വോട്ടുകൾക്ക് ഭരണപക്ഷ നീക്കം പരാജയപ്പെടുകയായിരുന്നു.

തങ്ങളുടെ ഡിവിഷനുകളിൽ പരിമിതമായ ഫണ്ടുകൾ വകയിരുത്തുമ്പോൾ, എം എൽ എ ഫണ്ടുൾപ്പെടെ വൻ തുക മജീദ് വിലപേശി വാങ്ങിക്കുകയാണെന്നാണ് വിമതസ്വരം ഉയർത്തിയ ഇടത് അംഗങ്ങളുടെ പരാതി. മജീദും പ്രജിതയും കൗൺസിലിൽ നേരത്തെ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അതേസമയം എങ്ങനെ വിഷയം പരിഹരിക്കും എന്നുള്ളതാണ് ഇടത് മുന്നണിക്ക് മുന്നിലെ പ്രതിസന്ധി.

മജീദിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കേണ്ടി വന്നാല്‍ അദ്ദേഹം ഭരണത്തിനുള്ള പിന്തുണ പിന്‍വലിക്കുകയും ഭരണം വീഴുകയും ചെയ്യും. ഇടത് അംഗങ്ങളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതും ബുദ്ധിമുട്ടാണ്. ലീഗ് വിമതനെയോ അല്ലെങ്കില്‍ ഭരണപക്ഷത്ത് നിന്ന് തന്നെ ഏതെങ്കിലുമൊരു അംഗത്തെയോ എത്തിച്ച് ഭരണം പിടിക്കാന്‍ സാധിക്കുമോയെന്നാണ് യുഡിഎഫ് നോക്കുന്നത്.












Click it and Unblock the Notifications