താമരശ്ശേരി നോളജ് സിറ്റിയില്‍ കെട്ടിട്ടം തകർന്ന് വീണു: നിരവധി പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിട്ടം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള മർക്കസ് നോളജ് സിറ്റിയിലാണ് അപകടമുണ്ടയത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീഴുകയായിരുന്നു. 15 തൊഴിലാളികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒന്നാം നിലയുടെ ഭാഗമായിട്ടുള്ള മെയിന്‍ സ്ലാബിന്റെ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടയിലാണ് അപകടമുണ്ടയാത്.
അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റിനായി തയ്യാറാക്കിയ തട്ടുള്‍പ്പടെ താഴേക്ക് പതിക്കുകയായിരുന്നു. മുഴുവന്‍ പേരേയും ഉടന്‍തന്നെ പുറത്ത് എടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ സാരമായ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരും നോളജ് സിറ്റിയിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളും ചേർന്നാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി.

11. 15 ഓടെയാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കാന്‍ താമരശ്ശേരി പൊലീസിനും ഫയർ ഫോഴ്സിനും നിർദേശം നല്‍കിയെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി എ ശ്രീനിവാസ് അറിയിക്കുന്നത്. 15 പേർ മാത്രമാണ് അപകടം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നതെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. ഇവരെയെല്ലാം പുറത്ത് എടുത്തിട്ടുണ്ട്. മറ്റാരെങ്കിലും ഉള്ളില്‍ കൂടുങ്ങിക്കിടപ്പുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കെട്ടിട നിർമ്മാണം സംബന്ധിച്ച് ഇതുവരെ യാതൊരു പരാതികളും ഉയർന്ന് വന്നിട്ടില്ലെന്നാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് അറിയിക്കുന്നത്. പ്രാദേശികമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ പ്രവർത്തനത്തിന് അനുമതി ലഭിച്ച കെട്ടിടമാണ് പണിയുന്നതെന്നാണ് മനസ്സിലാക്കുന്നത്. കെട്ടിം നിലനില്‍ക്കുന്ന ഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ നേരത്തെ ഉയർന്ന് വന്നിരുന്നു. സർക്കാർ അനുമതിയില്ലാതെ ഭൂമി തരം മാറ്റിയെന്നായിരുന്നു പ്രധാന പരാതി.
മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന പള്ളിയുടെ ഉള്‍പ്പടെ നിർമ്മാണം പൂരോഗമിക്കുന്നത് നോളജ് സിറ്റിയിലെ 1500 ലേറെ ഏക്കർ വരുന്ന സ്ഥലത്താണ്. നിരവധി വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങള്‍, പാർപ്പിട സമുച്ചയങ്ങള്‍ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ പുരോഗമിക്കുന്നുണ്ട്.












Click it and Unblock the Notifications