മുസ്ലിം ലീഗ് വിമതന്‍റെ പിന്തുണ എല്‍ഡിഎഫിന്; മുക്കത്ത് നഗരസഭാ ഭരണം എല്‍ഡിഎഫിന്
കോഴിക്കോട്: മുക്കം നഗരസഭയില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ഇടതു മുന്നണി. മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച മുഹമ്മദ് അബ്ദുള്‍ മജീദ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നഗരസഭയില്‍ ഇടതുമുന്നണി അധികാരം ഉറപ്പിച്ചത്. ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അബ്ദുള്‍ മജീദ് അറിയിച്ചു. തന്‍റെ വാര്‍ഡിലെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുമുന്നണി നേതാക്കള്‍ അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനം അനുസരിച്ചാണ് താന്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സംഖ്യം
യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സംഖ്യം കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരമായിരുന്നു മുക്കത്ത് നടന്നത്. കടുത്ത മത്സരം നടന്നതോടെ നഗരസഭയില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 33 ഡിവിഷനുകളുള്ള നഗരസഭയിൽ 15 വീതം സീറ്റുകളാണ് എൽഡിഎഫും യുഡിഎഫും നേടിയത്.

ബിജെപി രണ്ട് സീറ്റില്‍
ബിജെപി രണ്ടു സീറ്റിലും ഒരു സീറ്റിൽ യുഡിഎഫ് വിമതനായി മത്സരിച്ച അബ്ദുള്‍ മജീദും വിജയിച്ചു കയറുകയായിരുന്നു. ഭരണം നേടാൻ 17 സീറ്റുകള്‍ വേണ്ടിടത്ത് ഇരുമുന്നണികളും 15 വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിൽക്കുകയയിരുന്നു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ചില വാർഡുകളിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

വിമതന്‍റെ പിന്തുണ
വിമതന്‍റെ പിന്തുണ ഉറപ്പിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം നിലനിര്‍ത്താനുള്ള നീക്കം ഇരുമുന്നണികളും ആരംഭിച്ചിരുന്നു. രണ്ട് മുന്നണികളും തന്നോട് ചര്‍ച്ച നടത്തിയെന്ന കാര്യം അബ്ദുള്‍ മജീദും തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിമതന്‍റെ പിന്തുണ തേടി ഭരണം നേടാന്‍ യുഡിഎഫ് വലിയ തോതില്‍ താല്‍പര്യം കാട്ടിയില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വെല്‍ഫെയര്‍ ബന്ധം
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ കനത്ത തോല്‍വിയുടെ കാരണമായി വെല്‍ഫെയര്‍ ബന്ധം പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വിമതന്‍റെ പിന്തുണയോടെ നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ഭരണം വന്നാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ വീണ്ടും ചര്‍ച്ചയാകും. ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ തീരെ താല്‍പര്യമില്ല.

നഗരസഭയ്ക്കുള്ളില്‍
ഇതുകൊണ്ട് കൂടിയാണ് മുസ്ലിം ലീഗ് വിമതന്‍റെ പിന്തുണ ഉറപ്പാക്കാന്‍ യുഡിഎഫ് നേതാക്കള്‍ വലിയ രീതിയില്‍ ശ്രമിക്കാതിരുന്നതെന്നാണ് സൂചന. എല്‍ഡിഎഫിന് എല്ലാകാലത്തും പിന്തുണ നല്‍കുമെന്നല്ല എന്‍റെ നയം. ഞാന്‍ ഇപ്പോഴും ലീഗുകാരന്‍ തന്നെയാണ്. നഗരസഭയ്ക്കുള്ളില്‍ മാത്രമാണ് പിന്തുണ നല്‍കുകയെന്നും പുറത്ത് ലീഗിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്നും അബ്ദുള്‍ മജീദ് മാധ്യമങ്ങളോട് വ്യക്തമാക്കി.












Click it and Unblock the Notifications