മുസ്ലിംലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബിജെപി പറഞ്ഞത് ശരിയാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇ.പി. ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമല്ല, സിപിഎമ്മിന്റെ നിലപാട് കൂടിയാണ്. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നല്‍കിയ ഒരേ ഒരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സിപിഎമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടര്‍ക്കും രക്തത്തിലലിഞ്ഞതാണ്. ന്യൂനപക്ഷ വര്‍ഗീയതയെ കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ ന്യായീകരിച്ചത് ലീഗിന്റെ വരവിന് മുന്നൊരുക്കമാണ്.

2024 പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇടത്-ജിഹാദി-കോണ്‍ഗ്രസ് സഖ്യത്തിനുള്ള ഗൂഢാലോചനയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ടുമായും സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്റെ നീക്കം. സിപിഐയുടെത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള ലീഗ് വിരുദ്ധത മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ഇപി ജയരാജന്‍ സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് വരാന്‍ ലീഗ് തയ്യാറായാല്‍ സിപിഎം സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഒരുപാര്‍ട്ടിയോടും എതിര്‍പ്പില്ലെന്നും, ആര്‍എസ്പി വന്നാലും, പിജെ കുര്യന്‍ വന്നാലും കൂടെ നിര്‍ത്താന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം ഇപി ജയരാജന്‍ ഇന്ന് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. ഇടതുമുന്നണിയിലേക്ക് വരുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കട്ടെ, ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളതെന്നും ജയരാജന്‍ വിമര്‍ശിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റിലും ജയിക്കാനുള്ള അടവ് നയം സ്വീകരിക്കും. ഇന്ത്യയില്‍ ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, അതിനുള്ള നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുള്ള പ്രസ്ഥാനമായി ഇടതുപക്ഷം മാറും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കും. ഇടതുമുന്നണിയിലേക്ക് വരണമെന്ന് പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. പിസി ചാക്കോ ഇപ്പോള്‍ എന്‍സിപിയിലാണ്. പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുവരുന്നുണ്ടെങ്കില്‍ അവരെയും സിപിഎം നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications