നാദാപുരം പീഡനം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ സ്ഥലംമാറ്റി
കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നാലരവയസുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകളുമായി അന്വേഷണം പുരോഗമിക്കവെ അന്വേഷണ തലവനായ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഡിവൈഎസ്പി എം.സി. മോഹന ചന്ദ്രന്‍ നായരെ സ്ഥലംമാറ്റി.
മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിട്ടാണ് സ്ഥലം മാറ്റിയത്. പെണ്‍കുട്ടിക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ മതപണ്ഡിതന്‍ പേരോട് അബ്ദുള്‍ റഹ്്മാന്‍ സഖാഫിയെ അറസ്റ്റ് ചെയ്തത് മോഹനചന്ദ്രന്‍ നായരായിരുന്നു. ഇയാളെ അന്വേഷണ സംഘത്തില്‍ നിന്നും നീക്കാനും സ്ഥലം മാറ്റാനും സര്‍ക്കാര്‍ തലത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നാണ് വിവരം. ദാറുല്‍ ഹുദാ സ്‌കൂള്‍ മേധാവിയായ പേരോടിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം കേസ് അട്ടിമറിക്കുന്നതിനാണെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.
കേസിന്റെ തുടക്കം മുതല്‍ പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമം നടന്നുവരികയായിരുന്നു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. അറസ്റ്റിലായ പ്രതികള്‍ ഉന്നതരുടെ മക്കളായതിനാലാണ് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications