ദേശീയ പാതവികസനം: മൂരാട് മുതല്‍ കരിമ്പനപാലം വരെ അടിപ്പാതയില്ല, ജനം ബുദ്ധിമുട്ടിലെന്ന് കെകെ രമ

വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലുടനീളം നിരവധിയായ പ്രയാസങ്ങളും ആശങ്കകളും നിലനിൽക്കുകയാണെന്ന് കെകെ രമ എം എല്‍ എ. പലസ്ഥലങ്ങളിലും ജനങ്ങൾ തങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തിനുവേണ്ടി സമരമുഖത്താണ്. ഈ പ്രശ്നങ്ങളെ നാഷണൽ ഹൈവേ അതോറിറ്റി അധികൃതരെ ബോധ്യപ്പെടുത്താൻ ഓരോ സ്ഥലങ്ങളും അവരോടൊപ്പം സന്ദർശിക്കുകയുണ്ടായി. കെ.മുരളീധരൻ എംപിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനമെന്നും എം എല്‍ എ വ്യക്തമാക്കി.
മൂരാട് പാലത്തിനും അഴിയൂരിനുമിടയിലായി ജനങ്ങളുന്നയിച്ച പലവിധമായ പ്രശ്നങ്ങളിൽ അതാതു സമയത്ത് ഇടപെടുകയും ബന്ധപ്പെട്ട അധികാരികളുടെയും, സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഓരോ സമയത്തും നാഷണൽ ഹൈവേ അതോറിറ്റി അധികൃതരെയും, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥരെയും, സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രിയെ ഉൾപ്പടെ പ്രശ്‌ന ബാധിത മേഖലകളിൽ കൊണ്ടുവരികയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ നേരിൽ ബോധ്യപ്പെടുത്തുകയും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കുറെയേറെ പ്രയാസങ്ങൾക്ക് അപ്പപ്പോൾ പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പുതുപ്പണം, ചോറോട്, മടപ്പള്ളി, കണ്ണൂക്കര പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴും ഗൗരവമായി പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ നിരവധിയാണെന്നും കെകെ രമ എം എല്‍ എ ചൂണ്ടിക്കാണിക്കുന്നു.

മൂരാട് മുതൽ കരിമ്പനപാലം വരെയുള്ള സ്ഥലത്ത് അടിപ്പാതയില്ലാത്ത വിഷയത്തിൽ ജനങ്ങൾ സമരത്തിലാണ്. സാധാരണ നിലയിൽ രണ്ടുകിലോമീറ്റർ പരിധിയിൽ ഹൈവേ ക്രോസ്സ് ചെയ്യുന്നതിന് ഒരു അടിപ്പാതയോ മേൽപ്പാലമോ ഉണ്ടാകുമെന്ന ഹൈവേ അതോറിറ്റിയുടെ പൊതുതീരുമാനം ഇവിടെ ലംഘിക്കപ്പെടുകയാണ്. ചോറോട് പഞ്ചായത്തിന്റെ പ്രധാന ഭാഗത്ത് ഓവുചാൽ നിർമാണമാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയം. ഇവിടെയുള്ള നീരൊഴുക്കിന്റെ പ്രത്യേകത കണക്കിലെടുത്ത് നേരത്തെ തീരുമാനിച്ചതിൽ കൂടുതൽ കൾവെർട്ടുകൾ നിർമിച്ച് പ്രശ്നം പരിഹരിക്കുമെന്നും ഹൈവേ അതോറിറ്റി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.
കൂടാതെ മണ്ഡലത്തിലെ നാദാപുരം റോഡ്, മടപ്പള്ളി, കണ്ണൂക്കര തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ വിഷയങ്ങളും മുരളീധരൻ എം.പിയോടൊപ്പം ഹൈവേ അതോറിറ്റി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ സ്ഥലങ്ങളിൽ അനുയോജ്യമായ സ്ഥലങ്ങളിൽ അടിപ്പാത അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും ദേശീയ പാത സമരസമിതി നേതാക്കളും ഒപ്പമുണ്ടായിരുന്നു. നമ്മൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അനുകൂലമായ പരിഹാരങ്ങളുണ്ടാകുമെന്നു നമുക്ക് പ്രത്യാശിക്കാമെന്നും കെകെ രമ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications