നീറ്റില്‍ 'നീറ്റായി' ആര്യ: കേരളത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോടുകാരിക്ക്, ഇതാണ് വിജയമന്ത്രം
കോഴിക്കോട്: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (NEET) കേരളത്തില്‍ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശിനി ആര്യ ആർഎസ്. 20 ലക്ഷത്തിലേറെ വിദ്യാർത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാർക്ക് നേടിയാണ് ആര്യ സംസ്ഥാനത്ത് ഒന്നാമതായത്. ദേശീയ തലത്തില്‍ 23-ാം റാങ്കും പെണ്‍കുട്ടികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും ആര്യ കരസ്ഥമാക്കി. താമരശ്ശേരി സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് ആര്യ.
താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പാലായിലെ സ്വകാര്യ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തിവരികയായിരുന്നു. മികച്ച സ്കോർ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തില്‍ ഒന്നാം റാങ്കുകാരിയായി മാറുമെന്ന് കരുതിയിരുന്നില്ലെന്ന് ആര്യ പ്രതികരിച്ചു. 'ആദ്യമായി ദൈവത്തോടാണ് നന്ദി പറയുന്നത്. തനിക്ക് പിന്തുണ തന്ന കുടുംബത്തിനും അധ്യാപകർക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഒരിക്കലും ഈ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല'- ആര്യ പറഞ്ഞു.

'തുടർച്ചയായ കഠിന പരിശ്രമമാണ് മികച്ച മാർക്ക് നേടാന്‍ സഹായിച്ചത്. ശ്രദ്ധ എപ്പോഴും പഠനത്തിലായിരിക്കണം. അതില്‍ നിന്നും മാറിപ്പോവാന്‍ പാടില്ല. ഒരു ലക്ഷ്യം മുന്നില്‍ വെച്ച് കഴിഞ്ഞാല്‍, ആ ലക്ഷ്യം കീഴടക്കുന്നതിന് വേണ്ടി ആത്മാർത്ഥമായി തന്നെ മുന്നോട്ട് പോവണം. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ മികച്ച രീതിയില്‍ ഉത്തരം എഴുതാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു' - റാങ്ക് ജേതാവ് പറയുന്നു.
പരീക്ഷാ സെന്ററിലും യാതൊരുവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. വളരെ സൗഹാർദ്ദപരമായിട്ടായിരുന്നു ചുമതലയിലുണ്ടായിരുന്ന അധ്യാപകരും ഉദ്യോഗസ്ഥരുമൊക്കെ ഇടപെട്ടത്. ന്യൂ ഡല്‍ഹി എയിംസില്‍ എംബിബിഎസ് പഠനം പൂർത്തീകരിക്കാനാണ് ആഗ്രഹം. അവിടെ തന്നെ പ്രവേശനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, നീറ്റ് പ്രവേശന പരീക്ഷയില്‍ 99.99 ശതമാനം മാർക്കോടെ ദേശീയ തലത്തില്‍ രണ്ട് പേർ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്നാട് സ്വദേശിയായ ജെ പ്രഭാഞ്ജൻ, ആന്ധ്രപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തി എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. ഇരുവരും മുഴുവൻ മാർക്കും (720/720) നേടി. കൗസ്തവ് ബൗരി (716), പ്രാഞ്ജൽ അഗർവാൾ (715) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ആദ്യ പത്ത് റാങ്കുകാരില്‍ ഒന്‍പതും ആണ്‍കുട്ടികളാണ്.












Click it and Unblock the Notifications