കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്
കോഴിക്കോട്: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ പോലീസിന്റെ ഗതാഗത നിയന്ത്രണം. ഞായറാഴ്ച ചരക്ക് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല,. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.
സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരു വിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത പാർക്കിംഗ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും, പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനും ആയാണ് നടപടി. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കർശന പരിശോധന ഉണ്ടാകും.

താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്:
താമരശ്ശേരി ചുരത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്ത് പോലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും ആണ് ഞായറാഴ്ടട വൈകീട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തിൽ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സഹാചര്യത്തിലാണ് പോലീസിന്റെ മുൻകരുതൽ നടപടി. താമരശ്ശേരി ചുരത്തിൽ ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്യാനും അനുവദിക്കില്ല എന്ന് പോലീസ് വ്യക്തമാക്കി.
ചുരത്തിലെ കടകൾ ഞായറാഴ്ച വൈകീട്ട് 7 മണിക്ക് അടയ്ക്കാനും താമരശ്ശേരി പോലീസ് വ്യാപാരികൾക്ക് നിർദ്ദേശം നൽകി. വാഹനത്തിൽ നിന്നിറങ്ങി ചുരത്തിൽ നിന്ന് ഫോട്ടോ എടുക്കാനും അനുവദിക്കില്ല. അതേ സമയം, ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് നിയന്ത്രണങ്ങളില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരക്കാനാണ ഇത്തരമൊരു നടപടിയെന്ന് പോലീസ് വിശദീകരിച്ചു.
ക്രമസമാധാനം ഉറപ്പാക്കാനും വാഹന തിരക്ക് നിയന്ത്രിക്കാനും ഞായറാഴ്ച വൈകീട്ട് മുതൽ ചുരത്തിൽ കൂടുതൽ പോലീസിനെ വിന്യസിക്കും എന്നും ഹൈവോ പട്രോളിംഗ് ശക്തമാക്കുമെന്നും താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ പറഞ്ഞു












Click it and Unblock the Notifications