ജാനകിക്കാട് പുഴയിൽ നവവരന്‍ ഒഴുക്കിൽപ്പെട്ട് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കോഴിക്കോട്: കുറ്റ്യാടിയില്‍ നവവരന്‍ ഒഴുക്കിപ്പെട്ട് മരിച്ചു. പാലേരി സ്വദേശി റെജില്‍ ആണ് മുങ്ങിമരിച്ചത്. ഭാര്യ കനിക ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. റെജിലും കനകയും ബന്ധുക്കളുമൊത്ത് ജാനകിക്കാട് കാണാനെത്തിയതായിരുന്നു.
മാര്‍ച്ച് 14ന് ആണ് റെജിലും കനികയും വിവാഹിതരായത്. വിവാഹശേഷം ഇന്നലെ ഇരുവരും ജനകിക്കാട് പുഴയോരത്ത് ഫോട്ടോ ഷൂട്ടിന് വന്നിരുന്നു. അതിന് ശേഷമാണ് ഇന്ന് ബന്ധുക്കളുമൊത്ത് വീണ്ടും ജാനകിക്കാട് ഭാഗത്ത് ചവറം മൂഴിയില്‍ എത്തിയത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ റെജില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. റെജില്‍ മുങ്ങിപ്പോകുന്നത് കണ്ട് കനികയും പുഴയിലേക്ക് എടുത്ത് ചാടിയതാണെന്ന് പോലീസ് പറയുന്നു.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബന്ധുക്കളുടെ കരച്ചില്‍ കേട്ട് എത്തിയ ലോറി ഡ്രൈവറാണ് കനികയെ പുഴയില്‍ നിന്ന് കരയില്‍ എത്തിച്ചത്. റെജിലിനെയും ഉടന്‍ കരയ്ക്ക് എത്തിച്ച് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. റെജിലിന്റെ മൃതദേഹം അത്തോളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കനികയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്.












Click it and Unblock the Notifications