നിപ: മോണോക്‌ലോൺ ആന്റിബോഡി കോഴിക്കോട് എത്തി, ആർജിസിബി മൊബൈൽ ലാബ് വരും
തിരുവനന്തപുരം: നിപ പ്രതിരോധത്തിനായുള്ള മോണോക്‌ലോൺ ആന്റിബോഡി സംസ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് കോഴിക്കോടേക്ക് എത്തിക്കും.BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആഗസ്ത് മാസം മുപ്പതിന് മരണപ്പെട്ട തിരുവള്ളൂർ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരുടേയും പരിശോധന ഉറപ്പാക്കും. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം കോഴിക്കോട് ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം , ഡോ.ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐ ഡി എസ് പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ.ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.ഗജേന്ദ്ര സിംഗ് (വൈല്‍ഡ്‌ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.
സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 16നും അവധി
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു. നേരത്തെ സെപ്റ്റംബർ 14,15 തിയ്യതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.












Click it and Unblock the Notifications