ഷോപ്പിംഗ് മാൾ, പാർക്ക്, ബീച്ച് സന്ദർശനം പരമാവധി ഒഴിവാക്കണം; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ചു
കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊതുവായും കണ്ടെയ്ൻമെന്റ് സോണുകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ എ ഗീതയുടെ ഉത്തരവ്. കണ്ടെയ്ൻമെന്റ് സോണുകളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകൾക്കും പൊതുപരിപാടികൾക്കും അനുമതിയില്ല.
സർക്കാർ ഓഫീസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കാനും നിർദ്ദേശമുണ്ട്.
പ്രദേശത്തെ പൊതുപാർക്കുകൾ, ബീച്ചുകൾ എന്നിവയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം ഉണ്ടാവില്ല. ജില്ലയിൽ കഴിയാവുന്ന പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവെയ്ക്കണം.

ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതായിരിക്കില്ല. രോഗിക്ക് ഒപ്പം കൂട്ടിരിപ്പിന് ഒരാൾക്ക് മാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളിൽ പോകുന്നവരും ചടങ്ങുകളിൽ പങ്കെടുക്കുന്നവരും സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള യാത്രകളും കർശനമായി നിരോധിച്ചു.
കണ്ടെയ്ൻമെന്റ് സോണിലെ മറ്റ് നിയന്ത്രണങ്ങൾ
കള്ള ചെത്തുന്നതിന് അനുമതയില്ല. പ്രദേശങ്ങളിൽ നിയന്ത്രിതമായ രീതിയിൽ സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താം. സന്നദ്ധ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവർക്ക് ഐ ഡി കാർഡ്, ബന്ധപ്പെട്ട എസ് എച്ച് ഒ നൽകണം. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് പോലീസിന് കൈമാറണം.
ജില്ലയിലെ നിയന്ത്രണങ്ങൾ
ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയം ആകണം
യോഗങ്ങൾ ഓൺലൈനായി നടത്തുക
ഒഴിവാക്കാനാവാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയ ശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം നടത്തുക.
അനാവശ്യ യാത്രകൾ ഒഴിവാക്കുക. പാർക്കുകൾ, ബിച്ചുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ സന്ദർശനം പരമാവധി ഒഴിവാക്കുക.
മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കുക
ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനം ആക്കേണ്ടതും ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവത്ക്കരണം നടത്തുകയും വേണ്ടതാണ്.
-വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പ്രവേശിക്കരുത്, വളർത്ത് മൃഗങ്ങളെ മേയാൻ വിടരുത്.
വവ്വാൽ, പന്നി ഉൾപ്പെടെയുള്ള വന്യ ജീവികളുടെ ജഡം സ്പർശിക്കരുത്.
പന്നി വളർത്തു കേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗലക്ഷണങ്ങൾ കാണുകയോ അസാധാരണമായ മരണനിരക്ക് ഉയരുകയോ ചെയ്താൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം












Click it and Unblock the Notifications