നിപ്പയ്ക്ക് ഒരാണ്ട് - അശോകന്റെ മകള്‍ക്ക് തൊഴില്‍ നല്‍കിയില്ല; ഓര്‍മകളുമായി മോഹനന്‍ പാറക്കടവ്
നാദാപുരം: ആഗോള ശ്രദ്ധയാകര്‍ഷിച്ച നിപ്പാ ഭീതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പാറക്കടവ് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മോഹനന്‍ പാറക്കടവിന് ഓര്‍മകളേറെ. സുഹൃത്തും പാറക്കടവിലെ ലോറി ഡ്രൈവറുമായ തട്ടാന്റവിട അശോകന്‍ മരണത്തിന് കീഴടങ്ങുന്നതിന് അവസാന നിമിഷം മോഹനന്‍ പാറക്കടവ് കൂടെയുണ്ടായിരുന്നു. അശോകന്റെ മരണത്തിന് ശേഷം പാറക്കടവ് ഉമ്മത്തൂരില്‍ ഭീതി അകറ്റുവാനും മോഹനന്‍ മുന്നിട്ടറങ്ങി. വരുന്ന 22 ാം തീയതി അശോകന്‍ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ മോഹനന്‍ പാറക്കടവ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പേരാമ്പ്രക്ക് പുറത്ത് നിപ്പയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയതത് നാദാപുരം പാറക്കടവിലായിരുന്നു. പാറക്കടവ് സ്വദേശിയില്‍ നിപ്പ വൈറസ് കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതി പരത്തിയിരുന്നു. അശോകന്റെ മൃതദേഹം ഏറ്റു വാങ്ങേണ്ടി വന്ന മൂന്നു പേരില്‍ ഒരാളായിരുന്നു മോഹനന്‍. അശോകന്റെ മകനും, സഹോദരി പുത്രനുമായിരുന്നു മറ്റു രണ്ടു പേര്‍. സംസ്‌കാരത്തിന് പ്രത്യേക പ്രോട്ടോകോള്‍ സംവിധാനമുണ്ടായിരുന്നില്ല. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മൃതദേഹം യാതൊരു മുന്‍കരുതലുമില്ലാതെയാണ് സംസ്‌ക്കരിച്ചത്.
അശോകന്റെ മൃതദേഹം ശമ്ശാനത്തിലെ നടത്തിപ്പുകാര്‍ ആദ്യം വിസമ്മതിച്ചിരുന്നു. തൊഴിലാളികള്‍ ബോധപൂര്‍വ്വം കേടു വരുത്തിയതാണോയെന്നും സംശയം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്.

അസുഖം പകര്‍ന്നത് എവിടെ നിന്ന്!!
നിപ്പപ്പേടിയില്‍ അശോകന് നിപ്പ പകര്‍ന്നത് എവിടെ നിന്നെന്ന ചര്‍ച്ചകള്‍ പോലും നിലച്ചു പോയി. ലിനി സിസ്റ്ററെ പോലെ സേവനപാതയിലാണ് അശോകനെയും നിപ്പ പിടികൂടിയത്. അശോകന്‍ പിതാവ് ചാത്തുവിനെ ചികില്‍സിക്കാന്‍ കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു. അതേ ദിവസമാണ് പേരാമ്പ്ര സൂപ്പിക്കടയിലെ മൂസ പനി ബാധിച്ച മകനുമായി മെഡിക്കല്‍ കോളേജില്‍ എത്തിയത്. പനിയുടെ കാഠിന്യത്തില്‍ സ്വബോധമില്ലാത്ത മകനെ സ്‌കാനിംഗ് റൂമിലേക്ക് കൊണ്ടു പോകാനും മറ്റുമായി കഷ്ടപ്പെടുന്ന മൂസയെ സഹായിക്കാന്‍ ആരും കൂട്ടിനുണ്ടായിരുന്നില്ല . നടക്കാന്‍ കഴിയാത്ത സ്വന്തം പിതാവ് ചാത്തുവിനെ സ്‌കാനിംഗ് റൂമിന് പുറത്തിരുത്തി, മൂസ്സയ്ക്ക് കൂട്ടായി അശോകനെത്തി .

ആശുപത്രിയില്‍ വെച്ച് സഹായം!
സ്‌കാനിംഗ് ടേബിളില്‍ കിടത്താനും പുറത്തേക്ക് കൊണ്ടു പോകാനും അശോകന്‍ മാത്രമായിരുന്നു സഹായിയായി ഉണ്ടായിരുന്നത്. പിന്നീട് മെയ് പന്ത്രണ്ടിന് അശോകന് പനിയുടെ ലക്ഷണം തുടങ്ങി. ആദ്യം സ്വദേശമായ പാറക്കടവിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് മെയ് 15ന് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികില്‍സ തേടി. പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അഭ്യൂഹം നിരവധി!!
ഇതേ ആശുപത്രിയില്‍ തൊട്ടടുത്ത കട്ടിലില്‍ നിപ്പ പിടിപെട്ട മൂസയെയും കിടത്തിയിരുന്നു. വൃത്തിയും കൃത്യനിഷ്ഠയും കൈമുതലായ അശോകന് എവിടെ നിന്നാണ് നിപ്പ പിടിപെട്ടത് എന്നത് ആദ്യഘട്ടത്തില്‍ ഏറെ ദുരൂഹതയായി തുടര്‍ന്നിരുന്നു. പിതാവിന്റെ ചികിത്സക്കായി നാദാപുരം ഗവ: ആശുപത്രിയില്‍ എത്തിയ അശോകന്‍ അവിടെയുള്ള വൃത്തിഹീനമായ പരിസരം ശുചിയാക്കാനും സഹായിച്ചിരുന്നു. വൃത്തിഹീനമായ പരിസരം വൃത്തിയാക്കുന്ന സ്വഭാവമുള്ള അശോകന് നാദാപുരം ഗവ: ആശുപത്രിയില്‍ നിന്നാണ് നിപ്പ പിടിപെട്ടതെന്ന കിംവദന്തി പ്രചരിച്ചിരുന്നു. മാമ്പഴത്തോട് ഏറെ പ്രിയമുള്ളയാളെന്ന നിലക്ക് വവ്വാല്‍ സ്പര്‍ശിച്ച മാമ്പഴം കഴിച്ചത് മറ്റൊരു കാരണമായും പ്രചരിപ്പിക്കപ്പെട്ടുകയായിരുന്നു.

സ്കാനിംഗ് റൂമില്‍ നിന്ന്
എന്നാല്‍ വിശദമായ പഠനം നടത്തിയ ഡോക്ടര്‍ അനൂപ് കുമാറാണ് മെഡിക്കല്‍ കോളേജിലേ സ്‌കാനിംഗ് റൂമില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തയിത്. പരസഹായം കൈ മുതലാക്കി നിപ്പയില്‍ സ്വജീവിതം ത്യജിച്ച അശോകന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ആദ്യം വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. മറ്റൊരാളെ സഹായിച്ചതിന്റെ പേരില്‍ കുടുംബനാഥന്‍ നഷ്ടപ്പെടുകയും തങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ മാസങ്ങളോളം പൊതു ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്ത ഈ കുടുംബം ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ പഠനം കഴിഞ്ഞു ജോലി അന്വേഷിക്കുന്ന അശോകന്റെ മകള്‍ക്ക് അനുയോജ്യമായ ഒരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് പാറക്കടവുകാര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications