തൊട്ടിലിൽ നിന്നു കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്നു; കുട്ടിയെ കണ്ടെത്തിയത് ടെറസിൽ
കോഴിക്കോട്: കിടപ്പുമുറിയിലെ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്നു. ശേഷം കുട്ടിയെ ടെറസിൽ ഉപേക്ഷിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പാറക്കണ്ടത്തിൽ പുതിയപറമ്പത്ത് മാമുക്കോയയുടെ മകൻ ഒരു വയസുള്ള മുഹമ്മദ് ഐസാന്റെ ആഭരണങ്ങളാണ് കവർന്നത്. കാലിലുണ്ടായിരുന്ന തണ്ട, അരഞ്ഞാണം, ചെയിൻ എന്നിവയാണ് അഴിച്ചെടുത്തത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ഭാര്യയും മൂത്ത കുഞ്ഞും മാമുക്കോയയുമാണ് മുറിയിൽ ഉറങ്ങിയത്. ഇതേ മുറിയിലായിരുന്നു തൊട്ടിലും. കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നു തെരച്ചിൽ നടത്തിയപ്പോഴാണ് വീടിന്റെ ടെറസിൽ കണ്ടെത്തിയത്. കുട്ടിയുടെ കയ്യിൽ ബ്രേസ് ലെറ്റ് ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. കുഞ്ഞ് കരഞ്ഞതിനാൽ ഉപേക്ഷിച്ചതാണെന്നു കരുതുന്നു.

സ്റ്റെയർകേസ് റൂമിന്റെ വാതിൽ തള്ളി തുറന്നാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് സംശയിക്കുന്നത്. ഒന്നിലധികം പേർ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതിനു തൊട്ടടുത്ത വീട്ടിലെ ജനലിൽ പിടിച്ചുകയറാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എസ്‌ഐ സി.വിനായകന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ധരായ എ.വി. ശ്രീജയ, പി. ഹാരിസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications