പലസ്തീന്‍ റാലിയിലേക്ക് സമസ്തയെ ക്ഷണിക്കാന്‍ സിപിഎം; കോണ്‍ഗ്രസ് ഔട്ട്... ലീഗ് തുലാസില്‍
കോഴിക്കോട്: ഇസ്രായേല്‍ ആക്രമണം നേരിടുന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്താന്‍ സിപിഎമ്മും. മുസ്ലിം ലീഗും സമസ്തയും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ച പിന്നാലെയാണ് സിപിഎമ്മും റാലിയുമായി എത്തുന്നത്. എന്നാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്നതിനപ്പുറം കേരളത്തില്‍ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഈ പരിപാടി വേദിയാകുകയാണ്.
ഏകസിവില്‍ കോഡിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമായ വേളയിലും സിപിഎം നടത്തിയ പരിപാടി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് സമസ്തയെയും മുസ്ലിം ലീഗിനെയും സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചതുമില്ല. കോണ്‍ഗ്രസില്ലെങ്കില്‍ ഞങ്ങളില്ലെന്ന് മുസ്ലിം ലീഗ് നിലപാട് എടുത്തു.

ഏകസിവില്‍ കോഡിനെതിരെ റാലി നടന്ന അതേ സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ പോകുന്നത്. ഈ മാസം 11ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് എന്നീ കക്ഷികളെ ഒഴിച്ച് എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കാനാണ് സിപിഎം തീരുമാനം.
എക്കാലത്തും മുസ്ലിം ലീഗിനൊപ്പം നിന്നിട്ടുള്ള ചരിത്രമാണ് സമസ്തയ്ക്കുള്ളത്. എന്നാല്‍ സമീപ കാലത്ത് സമസ്തയിലെ മാറ്റം പ്രകടമാണ്. സ്വന്തമായ അസ്ഥിത്വവും ആദര്‍ശവുമുണ്ട് എന്ന് സമസ്ത നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സമസ്തയ്ക്ക് സിപിഎമ്മുമായി തൊട്ടുകൂടായ്മയില്ല എന്ന് അവര്‍ തെളിയിച്ചു. മാത്രമല്ല, സമസ്തയെ കൂടെ നിര്‍ത്താന്‍ സിപിഎം കഴിയുംവിധം ശ്രമിക്കുന്നുമുണ്ട്.
സമസ്ത സ്വീകരിക്കുന്ന പുതിയ നിലപാട് മുസ്ലിം ലീഗിനെ അസ്വസ്ഥമാക്കുന്നു. കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ മുസ്ലിം ലീഗ് സമസ്തയെ ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, സമസ്തയുമായി പല കാര്യങ്ങളിലും പരസ്യമായ പോരിലുമാണ് ലീഗ്. സമസ്തയും ലീഗും ഒന്നാണെന്ന് ചില നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഈ കളികള്‍.
എല്ലാ മത, രാഷ്ട്രീയ വിഭാഗങ്ങളെയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ വ്യക്തമാക്കി. സമസ്ത പങ്കെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. മുസ്ലിം ലീഗിനെ ക്ഷണിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് ക്ഷണം സ്വീകരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. സമസ്തയെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍, അല്ലെങ്കില്‍ സമസ്തയുടെ വോട്ടുകള്‍ പൂര്‍ണമായും ലീഗിന് ലഭിക്കാത്ത സാഹചര്യമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സിപിഎമ്മിന് മലബാര്‍ മേഖലയില്‍ വലിയ നേട്ടമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നീക്കങ്ങള്‍.












Click it and Unblock the Notifications