പാണക്കാട് കുടുംബം ബഹിഷ്‌കരിച്ചു; വിവാദമായി മുജാഹിദ് സമ്മേളനം... ബിജെപി സാന്നിധ്യം ചര്‍ച്ചയായി
കോഴിക്കോട്: മുജാഹിദ് കെഎന്‍എം സമ്മേളനം ബഹിഷ്‌കരിച്ച് പാണക്കാട് തങ്ങള്‍ കുടുംബം. ബിജെപി നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് ബഹിഷ്‌കരണത്തിന് ഒരു കാരണമായി പറയുന്നത്. സമസ്ത ഇകെ വിഭാഗത്തിന്റെ സമ്മര്‍ദ്ദവും പാണക്കാട് തങ്ങള്‍മാരുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. സമ്മേളനത്തില്‍ നിറഞ്ഞു നിന്നത് ഇടതു നേതാക്കളാണ്. പ്രസംഗിച്ച മിക്ക ഇടതു നേതാക്കളും ആര്‍എസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ചു. ജോണ്‍ ബ്രിട്ടാസ് എംപി, ബിനോയ് വിശ്വം, മന്ത്രി പി രാജീവ് എന്നിവരെല്ലാം ബിജെപിയെ ശക്തമായി വിമര്‍ശിച്ചു. ബ്രിട്ടാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാണ് മുനവ്വറലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് റഷീദലി ശിഹാബ് തങ്ങള്‍. രണ്ടു പേര്‍ക്കും ഇന്ന് നടക്കുന്ന വ്യത്യസ്ത സെഷനുകളിലേക്ക് ക്ഷണമുണ്ടായിരുന്നു. രണ്ടുപേരും പരിപാടിയില്‍ നിന്ന് പിന്മാറി. ഇക്കാര്യത്തില്‍ മുജാഹിദ് വിഭാഗത്തിന് അതൃപ്തിയുണ്ട്. അവര്‍ പാണക്കാട് കുടുംബത്തെ ഇക്കാര്യം അറിയിച്ചു എന്നാണ് വിവരം.
മുജാഹിദ് വിഭാഗവുമായി മുസ്ലിം ലീഗ് അകലം പാലിക്കണമെന്ന നിലപാടാണ് സമസ്തയ്ക്കുള്ളത്. വര്‍ഷങ്ങളായി മുജാഹിദിനോടും സമസ്തയോടും അടുപ്പം നിലനിര്‍ത്തിയാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നത്. ലീഗ് പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയെങ്കിലും പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇതിന് കാരണം സമസ്തയുടെ എതിര്‍പ്പാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ബിജെപി നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് ബഹിഷ്‌കരണത്തിന് കാരണമായി എടുത്തു പറയുന്നത്. മാത്രമല്ല, ഇടതുനേതാക്കള്‍ മുജാഹിദ് സമ്മേളനത്തില്‍ നിറഞ്ഞതും മുസ്ലിം ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരെയാണ് മുജാഹിദ് സമ്മേളനത്തിലേക്ക് വിളിച്ചിരുന്നത്. വിമര്‍ശനങ്ങള്‍ക്ക് പ്രസംഗ മധ്യേ ശ്രീധരന്‍ പിള്ള മറുപടി നല്‍കുകയും ചെയ്തു. ചില മുസ്ലിം നേതാക്കള്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ ഓഫീസില്‍ വന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.
ആര്‍എസ്എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാമെന്ന് മുജാഹിദ് നേതാക്കള്‍ കരുതുന്നുണ്ടോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. സര്‍വമത സമഭാവന എന്നൊക്കെ ഇവിടെ വന്ന് ബിജെപി നേതാക്കള്‍ പറഞ്ഞാല്‍ സത്യം നമ്മെ നോക്കി പരിഹസിക്കുമെന്നും ബിജെപി മാറുമോ എന്നും ബിനോയ് വിശ്വം എടുത്തു പറഞ്ഞു.
അതേസമയം, മുജാഹിദ് വിഭാഗം ബിജെപി നേതാക്കളെ ക്ഷണിച്ചതിലൂടെ മറ്റുചില ലക്ഷ്യമാണുള്ളതെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സലഫി ധാരകള്‍ ആഗോള തീവ്രവാദ സംഘടനകളുമായി സഹകരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ സംഘപരിവാറിന്റെ പ്രീതി നേടാനുള്ള ഒരു നാടകമായിരിക്കും ഇത് എന്നും കൂടത്തായി ആരോപിച്ചു.












Click it and Unblock the Notifications