ടിപി ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും: കെകെ രമ
വടകര: കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമ. യുഡിഎഫിന്റെ പിന്തുണയോടെയാണ് കെകെ രമ വടകരയില്‍ മത്സരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്നും കെകെ രമ പറഞ്ഞു.
കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''സ്നേഹമുള്ളവരെ,
ഞാൻ കെ. കെ രമ ; വടകരയിൽ നിന്നും ഇത്തവണ ജനവിധി തേടുകയാണ്.
അക്രമങ്ങൾക്കും അനീതികൾക്കും അഴിമതികൾക്കുമെതിരെ ജനങ്ങളുടെയാകെ ശബ്ദം നമ്മുടെ നിയമസഭയിലുയർത്തണമെന്ന ആഗ്രഹത്തോടെയാണ് ഈ ജനാധിപത്യ പോരാട്ടത്തിൽ ഞാൻ പങ്കാളിയാവുന്നത്.

ഒപ്പം തന്നെ എല്ലാവരുടേയും ക്രിയാത്മക ഭാവനകളേയും വികസന സ്വപ്നങ്ങളേയും സമാഹരിച്ച്, നിലവിലുള്ള മുരടിപ്പിനെ മറികടന്ന് പുതിയൊരു വടകരയെ സാധ്യമാക്കാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾക്കുള്ള എന്റെ എളിയ സന്നദ്ധത കൂടി ഞാൻ ഈ നാടിന് മുന്നിൽ വെക്കുകയാണ്.
Recommended Video

പ്രിയ സഖാവ് ടി.പി. ചന്ദ്രശേഖരൻ്റെ ദീപ്തസ്മൃതികളാണ് പൊതുജീവിതത്തിൽ എൻ്റെ ഊർജ്ജം. കക്ഷി രാഷ്ട്രീയഭേദമന്യേ കരുത്തും കരുതലുമായി കൂടെ നിന്ന് എന്റെ പൊതുജീവിതത്തിനും ഇടപെടലുകൾക്കും എന്നും പ്രചോദനം പകർന്ന ഇന്നാട്ടിലെ ജനാധിപത്യ സുമനസ്സുകൾ തന്നെയാണ് തീർച്ചയായും ഈ പോരാട്ടത്തിലും ആത്മവിശ്വാസത്തോടെ എന്നെ മുന്നോട്ടുനയിക്കുന്നത്. വടകരയുടെ മാറ്റവും മുന്നേറ്റവും യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകളിൽ എന്റെ ആത്മാർത്ഥമായ പങ്കാളിത്തം ഒരിക്കൽക്കൂടി ഞാൻ ഈ നാടിന് വാക്ക് നൽകുകയാണ്. നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എനിക്ക് പിന്തുണയേകണമെന്ന് ഞാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നന്ദി''.












Click it and Unblock the Notifications