കൊയിലാണ്ടിയെ ഞെട്ടിച്ച വ്യാജ തട്ടിക്കൊണ്ടുപോകല്‍ മോഷണം: ബാക്കി ലക്ഷങ്ങള്‍ എവിടെ, കണ്ടെത്താന്‍ പൊലീസ്
കൊയിലാണ്ടി: വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ സൃഷ്ടിച്ച് എ ടി എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം തട്ടിയെടുത്ത കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ്. റിമാന്‍ഡില്‍ കഴിയുകയായിരുന്നു സുഹൈല്‍, യാസിര്‍, താഹ എന്നിവരെയാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.
അന്വേഷണത്തിനായി പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ ഇനിയും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, തട്ടിയെടുത്ത പണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിലെ ദുരൂഹത നീക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലീസ് ആവശ്യം. കസ്റ്റഡി ആവശ്യം അംഗീകരിച്ചെങ്കിലും അഞ്ച് ദിവസം എന്നതിന് പകരം മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

എ ടി എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടു പോയ 25 ലക്ഷം രൂപ തന്നെ ആക്രമിച്ച് തട്ടിയെടുത്തെന്നായിരുന്നു സുഹൈല്‍ പറഞ്ഞത്. എന്നാല്‍ എ ടി എം കമ്പനി പറയുന്നത് 75 ലക്ഷം രൂപ നഷ്ടമായെന്നാണ്. താഹയില്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെത്താനും പൊലീസിന് സാധിച്ചു. ഇതോടൊപ്പം തന്നെ ഏതാനും പേർക്ക് പണം നല്‍കിയതായും സ്വർണ്ണപ്പണയം എടുത്തതുമായുള്ള വിവരങ്ങളും ലഭിച്ചു. എന്നാലും കമ്പനി പറയുന്നത് അനുസരിച്ച് 75 ലക്ഷം രൂപ നഷ്ടമായെങ്കില്‍ ലക്ഷങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുകയാണെങ്കില്‍ ഇക്കാര്യമായിരിക്കും പ്രധാനമായും അന്വേഷിക്കുക.
കൊയിലാണ്ടിയിൽ നിന്ന് എടിഎമ്മിൽ പണം നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്നതിനിടെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ച ശേഷം തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു സുഹൈലിന്റെ പരാതി. തന്നെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ച സംഘം 25 ലക്ഷം രൂപയുമായി കടന്നുകളഞ്ഞുവെന്നും സുഹൈല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുഹൈലിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു
ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന കുരുടിമുക്കില്‍ സുഹൈലുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. തുടർന്ന് കോള്‍ റെക്കോർഡർ ഡാറ്റ ഉള്‍പ്പെടേയുള്ളവ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ യഥാർത്ഥ പ്രതി പരാതിക്കാരനും സുഹൃത്തുക്കളുമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications