നിപ: മരുതോങ്കരയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം, 57 സാമ്പിളുകളില്‍ 12 എണ്ണം പോസിറ്റീവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആശങ്ക വിതച്ച നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. നിപ പടർന്ന മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. നിലവില്‍ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളില്‍ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇത് വലിയ സഹായമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനായി പൊതുവായ പ്രോട്ടോക്കോളുണ്ടാക്കും. ഏതെങ്കിലും പകര്‍ച്ച വ്യാധികളുടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാനും ഇതിലൂടെ അതിജീവിക്കാനും കഴിയും. പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് ഇതൊരു ഫലവത്തായ രീതിയാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിലും വണ്‍ ഹെല്‍ത്ത് സംവിധാനത്തെ കാര്യക്ഷമമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
അതേസമയം, 'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ സൗകര്യങ്ങളും നിർമ്മാണം പുരോഗമിക്കുന്ന പുതിയ ഒ.പി, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ നിർമ്മാണ പ്രവൃത്തികളും മന്ത്രി വിലയിരുത്തി. വാർഡുകൾ സന്ദർശിച്ച മന്ത്രി രോഗികളുടെ സുഖവിവരങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റു വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടറേറ്റിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. എം കെ മുനീർ എം എൽ എ, ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ അബ്ബാസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുമായും മന്ത്രി സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയോടെപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications