വൈരക്കല്‍, ഭൂമി വില്‍പ്പന ബിസിനസുകളില്‍ ലക്ഷങ്ങള്‍ തട്ടിയെന്നു പരാതി; വൈദികനെ ശുശ്രൂഷകളില്‍നിന്നു മാറ്റി
കോഴിക്കോട്: വൈരക്കല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പണംതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രതിയായ താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോസഫ് പാംപ്ലാനിയെ അജപാലന ശുശ്രൂഷകളില്‍നിന്ന് മാറ്റിനിര്‍ത്തിയതായി രൂപത പി.ആര്‍.ഒ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രൂപത അദ്ദേഹത്തെ സംരക്ഷിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസും ഫാ. ജോസഫ് പാംപ്ലാനിയുടെ വ്യക്തിപരമായ കാര്യമാണ്. ഇതില്‍ രൂപതക്ക് യാതൊരു പങ്കുമില്ല. നിയമ നടപടികള്‍ നേരിടാന്‍ അദ്ദേഹം തയ്യാറാവണം.
തിരുവമ്പാടി എം.എല്‍.എയുടെ മധ്യസ്ഥതയില്‍ എത്തിയ ഒത്തുതീര്‍പ്പ് നടപ്പില്‍വരുത്താന്‍ സഹായിക്കണം എന്ന ആവശ്യവുമായാണ് പരാതിക്കാരന്‍ രൂപതാദ്ധ്യക്ഷനെ സമീപിച്ചത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. പരാതിക്കാരുടെ ആരോപണം യഥാസമയം രൂപതാദ്ധ്യക്ഷന്‍ ബന്ധപ്പെട്ട വൈദികനെ അറിയിക്കുകയും പരാതിയ്ക്ക് ആസ്പദമായ കാര്യങ്ങള്‍ പരിഹരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ നിന്ന് പരാതിക്കാരനായ പുല്ലൂരാംപാറ സ്വദേശി ഏകപക്ഷീയമായി പിന്‍മാറിയെന്നറിയുന്നു.
പരാതിക്കാര്‍ രണ്ടുപേരും സഭാവിശ്വാസികളും വൈദികരുടെ ജീവിതശൈലിയുമായി അടുത്ത് പരിചയമുള്ളവരുമാണ്. ഒരു വൈദികന്‍ ഏര്‍പ്പെടേണ്ട കാര്യമല്ല എന്ന് വ്യക്തമായി അറിയാവുന്നവരാണ് രണ്ട് ഇടപാടുകളിലും വൈദികനുമായി സഹകരിച്ച് ലാഭം നേടാന്‍ പരിശ്രമിച്ചത്. ഈ ഘട്ടത്തിലൊന്നും രൂപതയുമായി പരാതിക്കാര്‍ ഇടപാടുകളെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അനാവശ്യമായി രൂപതയെ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കുവാന്‍ പരിശ്രമിക്കുന്ന നിലപാട് അന്യായവും പ്രതിഷേധാര്‍ഹവുമാണെന്നും രൂപത ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വൈരക്കല്‍ വില്‍പ്പനയുടെ പേരില്‍ വൈദികന്‍ 87.5 ലക്ഷം രൂപ തട്ടിയെടുത്തായാണ് പരാതി. ഭൂമി വില്‍പ്പനയുടെ പേരില്‍ 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് മറ്റൊരു പരാതിയുമുണ്ട്.