രാഹുലിന്റെ വയനാട് സന്ദര്‍ശനം മുടക്കിയത് മാവോയിസ്റ്റുകളോ ഇടതു സര്‍ക്കാരോ? ചര്‍ച്ച കൊഴുക്കുന്നു
കോഴിക്കോട്: എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം മാവോയിസ്‌ററ് ഭീഷണിയുടെ പേരില്‍ റദ്ദാക്കിയതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്റെ കളികളെന്ന് ആക്ഷേപം. കോണ്‍ഗ്രസ്, യുഡിഎഫ് വൃത്തങ്ങളാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാഹുല്‍ഗാന്ധി എത്തിയാല്‍ മണ്ഡലത്തില്‍ ഉണ്ടായേക്കാവുന്ന യുഡിഎഫ് അനുകൂല തരംഗം ഒഴിവാക്കുന്നതിനാണ് മാവോയിസ്റ്റ് മറ പിടിച്ച് സംസ്ഥാന പൊലീസ് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്.
' ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി! വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സിപി ജലീല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യാത്രക്കുള്ള അനുമതി രഹസ്യാന്വേഷണ വിഭാഗം നിഷേധിച്ചത്. പുല്‍വാരയില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഹവില്‍ദാര്‍ പൂക്കോട് വാഴക്കണ്ടി വസന്തകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താനായിരുന്നു നേരത്തെ രാഹുല്‍ തീരുമാനിച്ചത്. അനുമതി നിഷേധിച്ചതോടെ വയനാട്ടിലേക്കു പോകില്ലെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കും തുടര്‍ന്ന് കോഴിക്കോട്ടെ ജനമഹാറാലിയിലും പങ്കെടുക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള് നീക്കമാണ് സംസ്ഥാന പോലീസ് നടത്തിയതെന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പൊലീസ് കൈകഴുകുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അല്ലാതെ ഒരു പാര്‍ട്ടിയും ജയിച്ചിട്ടില്ലാത്ത മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി എത്തിയാല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടുതലാകും. മറ്റു മണ്ഡലങ്ങളിലും ഇതു സ്വാധീനമുണ്ടാക്കും. അതിനാല്‍ ഇല്ലാത്ത ഒരു കാരണം പറഞ്ഞ് കേരള സര്‍ക്കാര്‍ വൃത്തങ്ങള്‍ രാഹുലിന്റെ വയനാട് സന്ദര്‍ശനം മുടക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.
ലക്കിടിയടക്കം വനമേഖലകളിലും ആദിവാസി കോളനികളിലും പോലീസിന്റെ വന്‍ സാന്നിധ്യമുള്ളതിനാല്‍ നിലവില്‍ വലിയ മാവോയിസ്റ്റ് ഭീഷണിയൊന്നും ഈ പ്രദേശത്ത് നിലനില്‍ക്കുന്നില്ലൊണ് ഇവര്‍ പറയുന്നത്. കല്‍പറ്റയിലെത്തിയ എസ്.പി.ജി അംഗങ്ങളെ ജില്ലാ പോലീസ് അധികാരികള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഒരു വിഭാഗം പോലീസുകാര്‍ തന്നെ പറയുന്നുണ്ടെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.