• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നാലുവരി കൊണ്ട് നാനാര്‍ത്ഥങ്ങള്‍ രചിച്ച് വെള്ളിമാട്കുന്ന് വയോജന കേന്ദ്രം അന്തേവാസി രമണി ടീച്ചർ... വായനാ പക്ഷാചരണം ആഘോഷിച്ചത് ഇങ്ങനെ...

  • By Desk

കോഴിക്കോട്: 'കണ്ട മുഖങ്ങള്‍ വീണ്ടും കണ്ടാലറിയുന്നില്ല

ഇവിടെ കാതങ്ങള്‍ നീളുന്നു

കാഴ്ചകള്‍ മങ്ങുന്നു

കാലം മുന്നോട്ട് പായുന്നു'

നാലുവരി കൊണ്ട് നാനാര്‍ത്ഥങ്ങള്‍ രചിച്ച, വെള്ളിമാട്കുന്ന് വയോജന കേന്ദ്രം അന്തേവാസി രമണി ടീച്ചറുടെ കവിതയാണിത്. വയോജനകേന്ദ്രത്തിലെ താമസക്കാരായ രമണിടീച്ചറുടെയും ജാനകിയുടെയും നാംദേവിന്റെയും വരികള്‍ വലിയ അക്ഷരങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഹാളില്‍ അവിടുത്തെ മുഴുവന്‍ താമസക്കാരും ഒരു വായനാദിന സായാഹ്നത്തിനായി ഒത്തുകൂടി.

രാഹുലിനെ ഷീല ദീക്ഷിത് കണ്ടു, ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ടു!

വായനാ പക്ഷാചരണത്തോട് അനുബന്ധിച്ച് വെള്ളിമാടുകുന്ന് വയോജന കേന്ദ്രത്തില്‍ നടത്തിയ സാഹിത്യ സെമിനാര്‍ വയോജനകേന്ദ്രത്തിലെ അറിയാതെ പോകുന്ന എഴുത്തുകാര്‍ക്കും മികച്ച വായനക്കാര്‍ക്കും തങ്ങളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി നടത്തിയ പരിപാടി കവിയും അധ്യാപകനുമായ വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

എഴുതിയതിനേക്കാള്‍ വലിയ പുസ്തകങ്ങളാണ് മുന്നിലിരിക്കുന്നതെന്നും എഴുതപ്പെട്ട പുസ്തകങ്ങളെക്കാള്‍ വലിയ ജീവിതാനുഭവങ്ങള്‍ പറയാന്‍ സാധിക്കുന്നവരാണ് വയോജനങ്ങളെന്നും കവി വീരാന്‍കുട്ടി പറഞ്ഞു. കെട്ടിക്കിടക്കുന്ന നദി തുറന്നുവിടുന്നത് പോലെയാണ് വായന ഒരാളെ നവീകരിക്കുന്നത്. വാര്‍ദ്ധക്യം ഒന്നിന്റേയും അവസാനമല്ലെന്നും ജീവിതത്തെ വളരെ ലാഘവത്തോടെ കാണേണ്ടത് എങ്ങനെയെന്നും സെന്‍ കഥ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ശാരീരികമായ പ്രശ്നങ്ങള്‍ അല്ല മാനസികമായ പ്രശ്നങ്ങള്‍ ആണ് നമ്മുടെ വാര്‍ധക്യത്തെ കൂടുതല്‍ അവശതകളിലേക്ക് നയിക്കുന്നത്. ഒരു സൂര്യനെ നോക്കി അനവധി നക്ഷത്രങ്ങളെ കാണാനുള്ള അവസരം ഇല്ലാതാക്കുന്നതുപൊലെ ദുഃഖങ്ങളെക്കുറിച്ചോര്‍ത്ത് സന്തോഷിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുകയും കഴിയുമെങ്കില്‍ എഴുതുകയും ചെയ്യുന്നതിലൂടെ ജീവിതസായാഹ്നം മികച്ചതാക്കാം എന്ന് അദ്ദേഹം പറഞ്ഞു. വായിക്കാതിരിക്കുമ്പോഴും വായിക്കുമ്പോഴും ഉള്ള കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. ജനിക്കുന്നത് ഒരാളായി ആണെങ്കിലും വായനയിലൂടെ പല ജന്മങ്ങള്‍ ജീവിക്കാനാവും. തന്റെ കവിതകളായ മിണ്ടാപ്രാണി, സ്മാരകം, ആശ്ലേഷം എന്നിവയും ഇഷ്ടത്തോടെ വയസ്സാവാം എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ കവിതയും അദ്ദേഹം അവതരിപ്പിച്ചു.

അനാവശ്യ ആകുലതകള്‍ക്കിടയിലും ലോകത്തെ ആസ്വാദ്യമാക്കാന്‍ വായനയ്ക്ക് സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരിയും പ്രസാധകയുമായ പി.എം ദീപ പറഞ്ഞു. സമാനമനസ്‌ക്കര്‍ ഒത്തുചേരുന്നിടം എന്ന നിലയില്‍ വയോജന കേന്ദ്രങ്ങള്‍ നല്ല അനുഭവമാകാന്‍ കഴിയണം. അവനവന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മറ്റൊരു ബാല്യം എന്ന പോലെ ആസ്വദിച്ച് ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു.

ഇതുവരെ ആര്‍ജിച്ച സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും ആകെത്തുകയായ പുസ്തകങ്ങള്‍ എല്ലാവരിലും എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍ പറഞ്ഞു. പുതിയ പുസ്തകങ്ങള്‍ എത്തുന്ന വയോജന കേന്ദ്രത്തിലെ മികച്ച ലൈബ്രറി മുഴുവന്‍ ആളുകളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

വയോജന കേന്ദ്രത്തിലെ താമസക്കാരുടെ ഗാനാലാപനവും അന്തേവാസികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും പ്രദര്‍ശനവും ഉണ്ടായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഓഫീസര്‍ കല. കെ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, വയോജനകേന്ദ്രം സൂപ്രണ്ട് സിദ്ധിഖ് ചുണ്ടക്കാടന്‍, നിംഹാന്‍സ് പ്രതിനിധി അലീന എന്നിവര്‍ സംസാരിച്ചു.

Kozhikode

English summary
Ramani teacher's poem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X