സിപിഎമ്മിന് നേരം വെളുക്കുമ്പോഴേക്കും കേരളവും കാണില്ലെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിശാല മതേതര സഖ്യത്തിന് ശ്രമിക്കുമ്പോള്‍ അതിന് തുരങ്കംവെക്കുന്ന സിപിഎമ്മിന് നേരം വെളുക്കുമ്പോഴേക്കും കേരളവും നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടിട്ടും അവര്‍ക്ക് കാര്യം മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ മൂല്യങ്ങളെ തകര്‍ക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്ന ആര്‍ എസ് എസ് രാജ്യത്തിന്റെ വലിയ ശത്രുക്കളാണ്. ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥൂറാം ഗോഡ്‌സേയുടെ ആശയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നത്. ഗാന്ധിജിയെ മാത്രമല്ല ഗാന്ധിസത്തെയും ഇല്ലാതാക്കണമെന്നാണ് ഗോഡ്‌സേ അവസാനമായി പറഞ്ഞത്. കോണ്‍ഗ്രസിനെയും രാജ്യത്തെയും ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായേക്കും, പക്ഷേ ഇല്ലാതാക്കാന്‍ ഒരുശക്തിക്കും കഴിയില്ല. മതേതരത്വത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കാന്‍ സിപിഎം യോജിക്കണം.

രാഷ്ട്രീയം മൂല്യച്യുതി നേരിടുന്ന കാലത്ത് സൂര്യപ്രഭയോടെ ജ്വലിച്ചുനില്‍ക്കുന്ന ത്യാഗിയായ നേതാവാണ് സി ഹരിദാസ്. നിലപാടുകളില്‍ കര്‍ക്കശക്കാരനായ സാദിരിക്കോയയുടെ പേരിലുള്ള അവാര്‍ഡ് ഹരിദാസിനെ ലഭിക്കുമ്പോള്‍ അത് മൂല്യങ്ങള്‍ക്കുള്ള പുരസ്‌കാരം കൂടിയെന്ന് ചെന്നിത്തല പറഞ്ഞു. മുന്‍ രാജ്യസഭാംഗവും മുതിര്‍ന്ന നേതാവുമായ സി ഹരിദാസ്, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്എം പി സൂര്യദാസ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അഡ്വ. കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പിഎം നിയാസ് ജേതാക്കളെ പരിചയപ്പെടുത്തി. യുകെ കുമാരന്‍ പൊന്നാട അണിയിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ സി അബു, അഡ്വ. എം ടി പത്മ, അഡ്വ. എം രാജന്‍, കെ സി രാമചന്ദ്രന്‍, നവാസ് പൂനൂര്‍, കാവില്‍ പി മാധവന്‍, നവാസ് ജാന്‍, കെ രാമചന്ദ്രന്‍, കെ മാധവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്യന്‍ കടിയങ്ങാട് സ്വാഗതവും കെ വി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications