റീവൈന്‍ഡ് 2020: കണ്ണീരോര്‍മ്മയായി കരിപ്പൂര്‍ വിമാനപകടം, പുതുപ്രതീക്ഷയായി വയനാട് ബദല്‍ പാത
കോഴിക്കോട്: 2020ല്‍ കോഴിക്കോട് ജില്ലയിൽ നിരവധി സംഭവങ്ങൾ അനുദിനം ഉണ്ടായെങ്കിലും ചില വിഷയങ്ങൾ കേരളത്തിൻറെ പൊതുബോധത്തിൽ ഇപ്പോഴും മായാതെ തങ്ങി നിൽക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട സംഭവങ്ങൾ ഇതൊക്കെയാണ്. ലോകത്തെ നടുക്കിയ വിമാന അപകടവും കൊവിഡിനെ മറികടന്ന് സഹജീവികളെ രക്ഷിക്കാൻ ദുരന്ത ഭൂമിയിലേക്ക് എടുത്ത് ചാടിയ മനുഷ്യരേയും കണ്ട വര്‍ഷമാണ് 2020. കരിപ്പൂരില്‍ നിന്നും പരിക്കേറ്റവരേയും വഹിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അടക്കം ആംബുലൻസുകൾ ചീറിപ്പാഞ്ഞപ്പോള്‍ രക്തം കൊടുക്കാന്‍ സുമനസ്സുകളും പാഞ്ഞത്തി. ഓഗസ്റ്റ് 7 ന് ആയിരുന്നു ലോകത്തെ നടുക്കിയ ദുരന്തം കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായത്. അപകടത്തിൽ 21 പേർക്ക് ജീവഹാനി സംഭവിച്ചു
കോവിഡിനൊപ്പം തന്നെ കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ മറ്റൊരു സംഭവമായിരുന്നു പക്ഷിപ്പനി. അപ്രതീക്ഷിതമായാണ് ജില്ലയിൽ പക്ഷിപ്പനി ബാധയുണ്ടായത്. ജില്ലയിലെ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കോഴികളെയും പക്ഷികളെയും ഇതിനെ തുടര്‍ന്ന് കൊന്നൊടുക്കേണ്ടി വന്നു. താമരശ്ശേരി ചുരത്തിന് ബദലായി അനക്കാം പൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത മൂന്നുവർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം ജില്ലക്ക് വലിയ പ്രതീക്ഷള്‍ സമ്മാനിച്ച വര്‍ഷം കൂടിയാണ് കടന്നു പോവുന്നത്. ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള പാത യാഥാർഥ്യമായാൽ ബാംഗ്ലൂരിലേക്ക് അടക്കമുള്ള യാത്രാദൂരം പകുതിയാക്കി കുറയ്ക്കാനാകും എന്നതാണ് ഈ വികസന പ്രവർത്തനം കൊണ്ട് ജില്ല സ്വപ്നം കാണുന്നത്.

സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിന്‍രെ വിയോഗവും ഈ വര്‍ഷം കണ്ടു. വര്‍ഷാവസാനത്തില്‍ സാഹിത്യലോകത്തിന് വലിയ നഷ്ടം സമ്മാനിച്ച് യു എ ഖാദർ വിയോഗവും 2020 കോഴിക്കോട് ജില്ലയ്ക്ക് തീരാ ദുഖം സമ്മാനിച്ചു. ശ്വാസ കോശ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു യു എ ഖാദർ. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗം. ഏഴു പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനും എല്ലാമായി മലയാളത്തിലെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു യുഎ ഖാദര്‍.
പന്തീരങ്കാവ് യുഎപിഎ കേസും ജില്ലയില്‍ നിന്നും വലിയ വാര്‍ത്താ പ്രധാന്യം നേടിയ സംഭവമായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായിരുന്നു അലന്‍, താഹ എന്നിവരെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ ചുമത്തി കേസെടുത്തു. കേസില്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.