ലീഗിലേക്ക് കൂറുമാറിയ ഫറോക്കിലെ ഇടത് കൗണ്‍സിലർക്ക് നിരന്തരം ഭീഷണി: പാർട്ടി സംരക്ഷിക്കുമെന്ന് ലീഗ് നേതൃത്വം
കോഴിക്കോട്: മുസ്ലിം ലീഗിലേക്ക് ചേക്കേറിയ ഫറോക്കിലെ ഇടത് കൗണ്‍സിലർ ഷനൂബ നിയാസിന് നിരന്തരം ഭീഷണിയെന്ന പരാതി. ആഡ ജെ ജി അംഗമായിരുന്ന ഷനൂബ അടുത്തിടെയാണ് മുസ്ലിം ലീഗിലേക്ക് കൂടുമാറുന്നത്. ഇതോടെ കൗണ്‍സിലർക്കെതിരെ സി പി എം നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്ന് വരികയാണ്. കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തിനെത്തിയ ഷനൂബിയെ സി പി എം കൗണ്‍സിലര്‍മാര്‍ ചെരുപ്പുമാലയണിയിക്കാന്‍ ശ്രമിച്ചു. ഗോ ബാക്ക് വിളികളുമായി എത്തിയ ഇടത് അംഗങ്ങളെ യു ഡി എഫ് അംഗങ്ങള്‍ പ്രതിരോധിച്ചതോടെ നഗരസഭയില്‍ സംഘർഷ സാഹചര്യം ഉടലെടുത്തു.
മുസ്ലിം ലീഗ് മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലനെ ഷനൂബിയ നിയാസിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വീടിന്റെ ജനാലകള്‍ ഒരു സംഘം എറിഞ്ഞ് തകർക്കുകയായിരുന്നു. വിഷയത്തില്‍ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഷനൂബിയ പറയുന്നു.

അതേസമയം, ഇഷ്ടപ്പെട്ട രാഷ്ട്രീയ വഴി തിരഞ്ഞെടുത്തതിന് ഇടതുപക്ഷത്തിന്റെ ഫാസിസത്തിന് വിധേയയായ ഷനൂബിയ നിയാസിനെ സംരക്ഷിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ ഇടത് പക്ഷത്തിന്റെ ഭാഗമായ ആർജെഡി യിൽ നിന്നും മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്ന് വന്ന ഷനൂബിയയെ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ക്രൂരമായാണ് ഇടത് പക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചത്. വീടിന് നേരെ കല്ലേറടക്കമുള്ള ആക്രമണങ്ങളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഷനൂബിയ ചെയ്ത തെറ്റ്. ഒരിക്കൽ പ്രവർത്തിച്ച പാർട്ടി മാറി മറ്റൊരു പാർട്ടിയിൽ ചേർന്നു. അതിനവരെ സ്വാധീനിച്ച കാര്യങ്ങൾ അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പൗരന് ഇഷ്ടപ്പെട്ട രാഷ്ട്രീയ ധാരയിൽ ഏത് സമയത്തും ചേർന്ന് പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഈ രാജ്യത്തുണ്ട്. അതിന് ഒരു രാഷ്ട്രീയ പക്ഷത്തിന്റെയും അനുമതിയോ തിട്ടൂരമോ വേണ്ട. ഇടത് പക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യവും സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ വെറും കാപട്യമാണെന്ന് ഇത്തരം പ്രവർത്തനങ്ങളിലൂടെ വീണ്ടും വ്യക്തമാകുകയാണ്.
കേരളം പോലൊരു സ്ഥലത്ത് ശരിയെന്നു തോന്നിയ ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുത്തത്തിന്റെ പേരിൽ ഒരു സ്ത്രീക്ക് തെരുവിൽ അപമാനിക്കപ്പെട്ടും ഭയത്തോട് കൂടിയും ജീവിക്കേണ്ടി വരുന്നത് എത്ര ഹീനമായ അനുഭവമാണ്. അതിൽ ആശ്ചര്യമൊന്നുമില്ല. അത്തരം ജനാധിപത്യ വിരുദ്ധവും, അസഹിഷ്ണുതയും, പകയും മുൻപും ഒരുപാട് തവണ രാഷ്ട്രീയ കേരളം കണ്ടതാണ്.
മുസ്ലിം ലീഗ് പാർട്ടിയുടെ നയ നിലപാടുകളിൽ ആകൃഷ്ടയായി പാർട്ടിയിലേക്ക് കടന്ന് വന്ന ഒരാളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. ഷനൂബിയയോടൊപ്പം പാർട്ടിയുണ്ട്. രാഷ്ട്രീയമായും നിയമപരമായും സംരക്ഷണമൊരുക്കി മുസ്ലിം ലീഗ് പാർട്ടി സനൂബിയക്കൊപ്പമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications