ലോക്‌സഭയില്‍ മൂന്നിടങ്ങളില്‍ യൂഡിഎഫിനെ പിന്തുണച്ചെന്ന് എസ്ഡിപിഐ; നേമത്ത് പിന്തുണ സിപിഎമ്മിന്...
കോഴിക്കോട്: പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐ പിന്തുണ നല്‍കിയത് യുഡിഎഫിനായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. നേമത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് നല്‍കിയെന്നും എസ്.ഡി.പി.ഐ നേതാവ് വ്യക്തമാക്കി.
ബി ജെ പിക്ക് സാധ്യത കല്പിക്കപ്പെട്ട മണ്ഡലങ്ങളിലാണ് വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത മറ്റ് ഏഴിടങ്ങളില്‍ പ്രാദേശികമായി അണികളുടെ മനോഗതിയനുസരിച്ചാണ് വോട്ടു ചെയ്തത്. അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് എതിരല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ന്യൂനപക്ഷ പിന്തുണ ഇടതുക്ഷത്തിന് ലഭിച്ചതാണ്.

ഇപ്പോള്‍ ന്യൂനപക്ഷം അകന്നെന്ന് സിപിഎമ്മിന് തോന്നുതിന്റെ കാരണം പാര്‍ട്ടി തന്നെ കണ്ടെത്തി പരിശോധനയ്ക്കു വിധേയമാക്കണം. പിണറായി സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സമ്മാനിച്ചത് നല്ല അനുഭവങ്ങളായിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കില്‍ പഴി മറ്റുള്ളവരുടെ മേല്‍ ചാരുന്നതിനു പകരം കാരണങ്ങള്‍ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുകയാണ് വേണ്ടത്.
എല്‍.ഡി.എഫിനുണ്ടാകുന്ന തിരിച്ചടി എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ദയനീയ ശ്രമമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന. കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടുക്കും ബിജെപിക്കെതിരെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടിന്നിട്ടുണ്ട്. ബി ജെ പിയെ തടയുന്ന കാര്യത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വോട്ടര്‍മാര്‍ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്തു ദേശീയ പ്രാധാന്യമാണ് ഇന്ന് ആ പാര്‍ട്ടിക്കുള്ളതെന്ന് കോടിയേരി വിശദീകരിക്കണം.
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായത് എസ്ഡിപിഐയുടെ നേതൃത്വത്തിലാണെന്നും എസ്ഡിപിഐ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന തോല്‍വി മുന്നില്‍ക്കണ്ടുള്ള കലാപാഹ്വാനമാണെന്നും മജീദ് ഫൈസി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications