വടകരയിലെ ഷബ്‌നയുടെ മരണം; ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണം: വനിതാ കമ്മിഷന്‍
കോഴിക്കോട്: ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് വടകര ഓര്‍ക്കാട്ടേരിയിലെ മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വടകര ഡിവൈഎസ്പിയ്ക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി. വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഷബ്നയുടെ ഉമ്മയെയും ബന്ധുക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
ഭര്‍തൃഗൃഹത്തില്‍വച്ചു നിരന്തരമായി പീഡനത്തിനിരയാക്കി മരണത്തിലേക്ക് ഷബ്‌നയെ തള്ളിവിട്ടുവെന്നതിനു വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു മുന്‍പാകെ ബന്ധുക്കള്‍ തെളിവുകള്‍ നിരത്തി. ഷബ്‌നയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചത്.

അതേസമയം, ഷബ്നയുടെ മരണത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.സംഭവത്തില്‍ ഭര്‍തൃമാതാവും സഹോദരിയും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നഫീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അറസ്റ്റിലായ ഹനീഫ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്ന മൊബൈലില്‍ പകര്‍ത്തിയതായിരുന്നു വീഡിയോ. ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.












Click it and Unblock the Notifications