കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയിലേക്ക് ശശി തരൂരും: എന്ത് പറയും എംപി, നേതൃത്വത്തിന് ആശങ്ക
കോഴിക്കോട്: കെ പി സി സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢറാലിയില്‍ ശശി തരൂർ എംപിയും പങ്കെടുക്കും. തരൂരിന്‍റെ സാന്നിദ്ധ്യം മുസ്ലീം ലീഗ് അണികളിലുൾപ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെ പി സി സി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ റാലിയില്‍ പങ്കെടുക്കുമെന്ന കാര്യം ശശി തരൂർ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കുയായിരുന്നു.
കെ പി സി സി പ്രസിഡന്‍റും കോഴിക്കോട് എംപിയും തന്നെ പരിപാടിയിലേക്ക് നേരിട്ട് ക്ഷണിച്ചെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്. റാലിയില്‍ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നും ശശി തരൂർ പറയുന്നു. ലീഗിന്റെ റാലിയില്‍ നടത്തിയ വിവാദ പരാമർശങ്ങള്‍ക്ക് കോണ്‍ഗ്രസ് റാലിയില്‍ തരൂർ വിശദീകരണം നല്‍കിയേക്കും. ഇതോടെ പരിപാടിയുടെ മുഴുവന്‍ ശ്രദ്ധയും ശശി തരൂരിലേക്ക് പോകുമെന്ന ആശങ്കയും കെ പി സി സി നേതൃത്വത്തില്‍ ശക്തമാണ്.

കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാർഡ്യപരിപാടിയില്‍ ശശി തരൂരിനെ ക്ഷണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്ന നിലപാടായിരുന്നു നേരത്തെ കെ മുരളീധരന്‍ എംപി അടക്കമുള്ളവർ സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എന്ന അധികാരം ഉപയോഗിച്ചാണ് തരൂർ പരിപാടിയിലേക്ക് എത്തുന്നതെന്നാണ് സൂചന. പ്രധാന പ്രാസംഗികരുടെ പട്ടികയില്‍ തരൂർ ഇല്ലെങ്കിലും സംസാരിക്കാന്‍ അവസരം ലഭിക്കും.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശമാണ് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇസ്രായേലില്‍ ആക്രമണം നടത്തിയത് ഭീകരവാദികളാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ശശി തരൂര്‍ പറഞ്ഞത്. രണ്ട് ഭാഗത്ത് നിന്നും ഭീകരവാദി ആക്രമണം ഉണ്ടായെന്നും ഇസ്രായേലിന്റെ പ്രതികരണം അതിരു കടന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. നവകേരള സദസ്സ് നടക്കുന്ന ഭാഗം ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് പരിപാടിക്ക് റാലി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ റാലിക്ക് കളക്ടർ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗില്‍ നിന്നടക്കം വലിയ അതൃപ്തിയുണ്ട്. കോഴിക്കോട് നടക്കുന്ന റാലിയോടെ ഇത് മാറ്റിയെടുക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications