നമുക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു കേന്ദ്രം വേണ്ടേ..?: കോഴിക്കോട് കളക്റ്റര്‍
കോഴിക്കോട്: ജില്ലയുടെ സമഗ്രവികസനത്തിനായി വിവിധ വകുപ്പുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സംയോജനത്തിലൂടെ പദ്ധതി തയ്യാറാക്കുന്ന ശില്‍പശാലയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. ജൂലൈ 23 മുതല്‍ 26 വരെ നടക്കുന്ന ശില്‍പശാല കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അകലാപ്പുഴ, ചാലിയാര്‍, കോരപ്പുഴ തുടങ്ങി ജില്ലയിലൂടെ ഒഴുകുന്ന പുഴകളെ ബന്ധിപ്പിച്ചു കൊണ്ട് റിവര്‍ ടൂറിസംപദ്ധതി കോഴിക്കോട് നടപ്പാക്കാന്‍ കഴിയണമെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു. ടൂറിസം മേഖലയില്‍ ജില്ലയ്ക്ക് അനന്ത സാധ്യധകള്‍ ഉണ്ട്. ഹാര്‍ബറുകള്‍, കണ്ടല്‍ വനങ്ങള്‍, ക്ഷേത്രങ്ങള്‍, കാവുകള്‍, ദേവാലയങ്ങള്‍, പൈതൃക സാമാരകങ്ങള്‍, മലയോര പ്രദേശങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ ഉള്‍പെടുത്തി വിപുലമായ വികസന പദ്ധതി തയ്യാറാക്കണം. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലായിരിക്കണം എല്ലാ വികസന പദ്ധതികളും തയ്യാറാക്കേണ്ടതെന്നും എം.എല്‍.എ പറഞ്ഞു.

ആസൂത്രണ സമിതി ആവിഷ്‌കരിക്കുന്ന സമഗ്ര പദ്ധതി കൃത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തി നടപ്പാക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അഭിപ്രായപ്പെട്ടു.
പ്രാദേശിക തലത്തിലുളള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വേണം ഓരോ പദ്ധതിയും ആസൂത്രണം ചെയ്യെണ്ടതെന്നും ഉത്തരവാദിത്ത ടൂറിസം വളരെ പ്രധാനമാണെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ ജില്ലയില്‍ ഒരു കേന്ദ്രമില്ല എന്നത് ഒരു പോരായ്മയാണെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. മുകള്‍ തട്ടില്‍ നിന്നുളള നിര്‍ദേശങ്ങള്‍ താഴെ തട്ടിലേക്ക് എത്തി നടപ്പിലാക്കുന്ന രീതിയില്‍ സമഗ്ര പദ്ധതികള്‍ ഉണ്ടാകണം. വിവിധ വകുപ്പുകള്‍ തമ്മിലുളള അസന്തുലിതാവസ്ഥ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തുന്നതിനായുളള സമഗ്ര പദ്ധതികളാണ് ശില്‍പശാലയില്‍ അവതരിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ച ശില്‍പ്പശാലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, ഡി.സി.പി പ്രൊഫ. പി.ടി അബ്ദുല്‍ ലത്തീഫ്, അസി. ടൗണ്‍ പ്ലാനര്‍ രാജീവ് പി.എം എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് ബ്ലൂ ഇക്കണോമിയെ കുറിച്ച് ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന വിഷയം അവതരിപ്പിച്ചു. ഹാര്‍ബര്‍ എഞ്ചിനീയര്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി എം.എ, തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ തെരേസ എബ്രഹാം, ഷഹനാസ് അബ്ദുല്‍ ഗഫൂര്‍ , അബ്ജാ സി ആസാദ് എന്നിവര്‍ ബ്ലൂ ഇക്കണോമിയുടെ സാധ്യതകളെകുറിച്ച് പ്രസന്റേഷന്‍ നടത്തി.












Click it and Unblock the Notifications