കോഴിക്കോട്ടുകാരുടെയും മുഖ്യമന്ത്രി പിണറായി വിജയനല്ലേ? സര്‍ക്കാരിനെതിരെ ഇകെ സമസ്ത നേതാവ്
കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹിജാബ് വിലക്ക് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ചോദ്യം. ഹിജാബ് ധരിക്കുന്ന കാരണത്താല്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ അവസ്ഥയും അദ്ദേഹം സൂചിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല.

കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ പോയി പ്രസംഗിച്ചത് നന്നായി. എന്നാല്‍ കോഴിക്കോട് അങ്ങനെയല്ലല്ലോ. കോഴിക്കോട്ടുകാരുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയല്ലേ എന്നും സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നു. വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് എന്താണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന സ്‌കൂളില്‍ നടക്കുന്ന തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നും സത്താര്‍ പന്തല്ലൂര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കര്‍ണാടകയില്‍ പോയി ഹിജാബ് വിഷയത്തില്‍ അവിടെ നടന്ന വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ചുള്ള പ്രസംഗം നന്നായിരുന്നു. അവിടെ അതിലപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനുമില്ല. പക്ഷെ കോഴിക്കോട് അങ്ങിനെയല്ലല്ലൊ. കോഴിക്കോട്ട്കാരുടെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്നെയാണല്ലൊ. ഇവിടെ പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഒരു പെണ്‍കുട്ടിക്ക് ടി.സി വാങ്ങി സ്‌കൂളിന്റെ പടി ഇറങ്ങേണ്ടി വന്നു.
കുട്ടിയുടെ രക്ഷിതാവുമായി ഇന്ന് രാവിലെ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു. സ്‌കൂള്‍ ഗേറ്റ് വരെ തല മറച്ച് വന്ന് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗില്‍ വെക്കേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും കേട്ടിരുന്നു. എന്നാല്‍ ഇത് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുമ്പിലെ നിത്യ കാഴ്ചയായിരിക്കുന്നു.
ഇവടെ പെണ്‍കുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശം നിഷേധിക്കപ്പെടുകയാണ്.
കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് വിരുദ്ധ നിലപാടിനെതിരെ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേള്‍ക്കുന്ന ഈ സമയത്ത് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് എന്താണ് ? സി.പി. എം സംസ്ഥാന സെക്രട്ടറി എന്ത് പറയുന്നു ? സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളില്‍ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ ?












Click it and Unblock the Notifications