'കടത്തിയത് 325 കിലോ സ്വർണം': തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ വീഡിയോ, എത്രയുംവേഗം മോചിപ്പിക്കണം
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ നിന്നും സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി കരുതപ്പെടുന്ന പ്രവാസിയുടെ വീഡിയോ പുറത്ത്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പരപ്പന്‍പൊയിലില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിനെ തുടർന്നാണ് തന്നെ തട്ടിക്കൊണ്ട് വന്നതെന്നാണ് മുഹമ്മദ് ഷാഫി വീഡിയോയില്‍ പറയുന്നത്.
80 കോടിയുടെ രൂപയുടെ സ്വർണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ സംഘം തട്ടിക്കൊണ്ടു വന്നിരിക്കുന്നതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടെയാണ് ഉള്ളതെന്നെ ഷാഫി വീഡിയോയില്‍ പറയുന്നില്ല. പുറത്ത് വന്ന വീഡിയോയുടെ വിശ്വാസ്യതയില്‍ കുടുംബത്തിനും പൊലീസിനും സംശയമുണ്ട്.

തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ നിർബന്ധത്തെ തുടർന്ന് ഷാഫി വീഡിയോയില്‍ ഇത്തരം കാര്യം പറയുന്നതെന്നാണ് നിഗമനം. '' 325 കിലോ സ്വര്‍ണം ഞാനും സഹോദരനും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും.''- എന്നാണ് പുറത്ത് വന്ന വീഡിയോയില്‍ പറയുന്നത്.
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്...''- എന്നും പറഞ്ഞ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നു. ഏപ്രില്‍ ഏഴാം തീയതി രാത്രിയായിരുന്നു ഷാഫിയേയും ഭാര്യയേയും വീട്ടില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്.
ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും ഷാഫിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പൊലീസിനെതിരേയും വിമർശനം ശക്തമാണ്. അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കാസര്‍കോടുനിന്ന് കണ്ടെത്തിയതായി സംശയമുണ്ട്. ഷാഫിയേയും കൊണ്ട് സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം കർണാടകയിലേക്കും നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications