പേപ്പട്ടി ശല്യം; സര്‍ക്കാര്‍ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് അപായ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു
കോഴിക്കോട്: പേപ്പട്ടി ആക്രമണങ്ങളും പേവിഷബാധയേറ്റ മരണങ്ങളും അടിക്കടി ഉണ്ടായിട്ടും യാതൊരു പരിഹാരത്തിനും മുതിരാതെ നിസ്സംഗത പുലര്‍ത്തുന്ന സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് അപായ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതിഷേധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. ശാഖാതലത്തില്‍ സെപ്റ്റംബര്‍ 8നാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷം ആഗസ്ത് ഒന്ന് വരെ 183931 പേര്‍ക്കാണ് കേരളത്തില്‍ തെരുവ് പട്ടികളുടെ കടിയേറ്റത്. 21 പേര്‍ മരിക്കുകയും ചെയ്തു. അഭിരാമി എന്നൊരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായി പേവിഷ ബാധക്കുള്ള വാക്‌സിന്‍ എടുത്തിട്ടും മരണപ്പെടുകയുണ്ടായി.

ഇത്രയേറെ അപകടകരമായ സാഹചര്യമുണ്ടായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട നടപടികള്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ അമര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.
പേപ്പട്ടിയുണ്ട് സൂക്ഷിക്കുക, സര്‍ക്കാര്‍ ഒന്നും ചെയ്യില്ല സ്വന്തം ജീവന്‍ സ്വയം കാക്കുക എന്നെഴുതിയ അപായ സൂചനാ ബോര്‍ഡുകളാണ് ശാഖാ കമ്മിറ്റികള്‍ പൊതുഇടങ്ങളില്‍ സ്ഥാപിക്കുക. മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കാളികളാക്കാന്‍ എല്ലാവരോടുമായി പികെ ഫിറോസ് അഭ്യര്‍ത്ഥിച്ചു.
അതേസമയം ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് നിത്യേന ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. നിലവില്‍ പുറത്തിറങ്ങിയാല്‍ കൊവിഡിനേക്കാള്‍ പേടിക്കേണ്ടത് തെരുവ് നായ്ക്കളെയാണെന്നാണ് വ്യാപക പരാതി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളതിനേക്കാള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇരട്ടിയാണ്. നിലവില്‍ രാത്രിയും പകലും എന്നോണം മുഴുവന്‍ സമയവും തെരുവ് നായകള്‍ നഗരം കീഴടക്കിയിരിക്കുകയാണ്. മാലിന്യങ്ങള്‍ റോഡരികിലും കടല്‍ തീരങ്ങളിലുമെല്ലാം തള്ളുന്നത് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് കാരണമാകുന്നുണ്ട്.












Click it and Unblock the Notifications