ഞങ്ങൾക്ക് കുഴപ്പമില്ല, പിന്നെ ആർക്കാണ് കുഴപ്പം? പാന്റ്‌സും ഷര്‍ട്ടും അടിപൊളിയെന്ന് കുട്ടികൾ
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പിലാക്കി ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളും പാന്റ്‌സും ഷര്‍ട്ടുമാണ് വേണം. എംഎസ്എഫ് അടക്കം ചില സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുകയാണ് എന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. ചില സംഘടനകള്‍ ഇന്ന് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുകയുണ്ടായി.
എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ
എന്നാല്‍ ഈ പുതിയ വേഷം തങ്ങള്‍ക്ക് സൗകര്യപ്രദമാണ് എന്നാണ് ബാലുശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഒരേ ശബ്ദത്തില്‍ പറയുന്നത്. തങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കുഴപ്പം എന്ന് പ്രതിഷേധം നടത്തുന്നവരോട് ഈ കുട്ടികള്‍ ചോദിക്കുന്നു. പാവാടയും ചുരിദാറും പോലുളള വേഷങ്ങളേക്കാള്‍ പെരുമാറാനും മത്സരങ്ങളിലും മറ്റും പങ്കെടുക്കാന്‍ സൗകര്യപ്രദം പാന്റ് തന്നെയാണ് എന്നും ഇത് തങ്ങള്‍ കുറേക്കാലമായി ആഗ്രഹിച്ചതാണ് എന്നും കുട്ടികളില്‍ ചിലര്‍ പറയുന്നു.

തങ്ങള്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ യൂണിഫോം തയ്പ്പിക്കാം എന്ന് സ്‌കൂളില്‍ നിന്ന് പറഞ്ഞിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഷര്‍ട്ടിന്റെ ഇറക്കം കൂട്ടിയോ കൈയുടെ ഇറക്കം കൂട്ടിയോ കുറച്ചോ ഓവര്‍ കോട്ടോട് കൂടിയോ യൂണിഫോം ധരിക്കാനുളള അനുവാദം ലഭിച്ചിട്ടുണ്ടെന്നും കുട്ടികള്‍ പറയുന്നു. ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇത്തവണ പ്രവേശനം നേടിയ പ്ലസ് വണ്‍ ബാച്ചിലാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതി പ്രഖ്യാപനത്തിന് മുന്‍പേ തന്നെ കുട്ടികളില്‍ ഒരു കൂട്ടം ഇന്ന് യൂണിഫോം അണിഞ്ഞ് സ്‌കൂളിലെത്തി.
ബാലുശേരി ജി.ജി. എച്ച്.എസ് സ്കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുക വഴി വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണമെന്ന് മന്ത്രി പറഞ്ഞു. വലിയൊരു കാൽവെപ്പാണ് മാതൃകാപരമായ പ്രവർത്തനം വഴി വിദ്യാലയം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്.
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്തമായ അന്തരീക്ഷത്തിലാണ് വിദ്യാർഥികൾ പഠിച്ച് വളരേണ്ടത്. ഒന്നിനെക്കുറിച്ചും ആശങ്കകളോ വേവലാതിയോ ഉത്കണ്ഠയോ ഇല്ലാതെ പഠനപ്രക്രിയ നിർവഹിക്കാൻ വിദ്യാർഥികൾക്ക് കഴിയണം. ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന വിവേചനത്തിനപ്പുറത്ത് മനുഷ്യർ എന്ന നിലയിൽ ഒരുമിച്ചു പോകുന്നു എന്ന സൂചനയാണ് ഒരേപോലുള്ള വേഷം ധരിക്കുമ്പോൾ ഉണ്ടാവുന്നത്.
ജനിച്ചയുടൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലുള്ള വസ്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ വളർച്ചയുടെ ഓരോ പടവുകളിലും വസ്ത്ര സംസ്കാരത്തിൽ രണ്ട് രീതിയിലുള്ള സമീപനങ്ങൾ ഉണ്ടാകുന്നു. അലിഖിതമായ ഒട്ടേറെ നിയമങ്ങൾ അനുവർത്തിക്കേണ്ടതായി വരികയാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എം.സച്ചിൻ ദേവ് എം. എൽ.എ സന്ദേശം നൽകി. പ്രിൻസിപ്പാൾ ആർ.ഇന്ദു, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാപഞ്ചായത്ത് അംഗം പി. പി പ്രേമ, തൃശൂർ വനിതസെൽ എസ്.ഐ വിനയ, ഹെഡ്മിസ്ട്രസ്സ് പ്രേമ ഇ, ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, അഭിനേത്രി റീമ കല്ലിങ്കൽ, സ്കൂൾ വികസന സമിതി വർക്കിംഗ് ചെയർമാൻ ജാഫർ രാരോത്ത്, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് രജിത, ഹൈ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശോഭന, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications