വടകര സ്റ്റേഷനില്‍ പൊലീസുകാരന്റെ ആത്മഹത്യ ശ്രമം: സിഐയുടെ പീഡനമെന്ന് പരാതി
വടകര: വടകര പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച് സീനിയർ സിവില്‍ പൊലീസ് ഓഫീസർ. കൊയിലാണ്ടി സ്വദേശിയായ സജിയാണ് പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് സജിയുടെ ജീവന്‍ രക്ഷിച്ചത്. സജി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നില്‍ സ്റ്റേഷന്റെ ചുമതലയുള്ള സി ഐയുടെ മാനസിക പീഡനമെന്ന് ബന്ധുക്കളുടെ ആരോപണം.
പോപ്പുലർ ഫ്രണ്ട് ഹർത്താല്‍ ദിനത്തില്‍ വൈകി എത്തിയതിന് ഹാജര്‍ പട്ടികയില്‍ 'ആബ്‌സന്റ്' രേഖപ്പെടുത്തിയതിന്റെ പേരിലാണ് ഇത്തരമൊരു ശ്രമം ഉണ്ടായതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഓഡിയോ അയച്ചശേഷമായിരുന്നു സജി സ്‌റ്റേഷന്റെ മുകളിലെ കെട്ടിടത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ഓഡിയോയില്‍ സജി പറയുന്നത്. തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നുമായിരുന്നു സജി ഓഡിയോ സംഭഷത്തിലൂടെ അറിയിച്ചത്.
പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി സജി ആത്മഹത്യ ചെയ്യാന്‍ കണ്ട സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി തുറന്ന് ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമായ നിലയിലാണ്.
കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നും വടകരയിലേക്ക് മാറ്റിയ ജീവനക്കാരനാണ് നിലവില്‍ വടകര സ്റ്റേഷനിലെ ഡ്യൂട്ടി നിർവ്വഹിക്കുന്നത്.












Click it and Unblock the Notifications