കോഴിക്കോട് ജില്ലയിലെ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി
കോഴിക്കോട്: ജില്ലയില്‍ കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഇനിയും ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ വീണ്ടും ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ട്. പൊതുഗതാഗതം അനുവദനീയമാണെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവേശിക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ബസില്‍ സാനിടൈസര്‍ ലഭ്യമാകണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഈ ഇളവുകള്‍ കണ്ടെയിന്‍മെന്റ്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ മാത്രമാണ് ബാധകം. നിലവില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും താഴെ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണം...

- ജില്ലയില്‍ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു.
- വിവാഹ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തിയിരിക്കുന്നു.
- ആരാധനാലയങ്ങളില്‍ പോകാന്‍ അനുവാദമുണ്ട്. 20 പേര്‍ക്ക് മാത്രമേ ഒന്നിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.
- ബീച്ചുകള്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാന്‍ അനുമതിയില്ല.
- വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ഷോപ്പുകളില്‍ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പില്‍ ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കന്നുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
- കടകളില്‍ അനുവദനീമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും.
- ഓരോ വ്യക്തിയും തമ്മില്‍ ആറടി ദൂരവും ഉറപ്പ് വരുത്തണം.
- പോലീസ്, വില്ലേജ് സ്‌ക്വാഡുകള്‍, എല്‍എസ്ജിഐ സെക്രട്ടറിമാര്‍ എന്നിവരുടെ പരിശോധനയില്‍ ഏതെങ്കിലും നിയമ ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണെങ്കില്‍ അത് വളരെ ഗൗരവമായി കാണുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും
- എല്ലാ കടകളിലും, സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, ഇവന്റുകള്‍ എന്നിവ നിര്‍ബന്ധമായും സന്ദര്‍ശക രജിസ്റ്റര്‍ 'കോവിഡ് 19 ജാഗ്രത' പോര്‍ട്ടലില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. 'കോവിഡ് 19 ജാഗ്രത' വിസിറ്റെര്‍സ് രജിസ്റ്റര്‍ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിക്കണം. ബുക്ക് റെജിസ്റ്ററിനു പകരം സ്ഥാപനങ്ങളിലെത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയും. ഇതില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.












Click it and Unblock the Notifications