ഇടതുപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെട്ടു; രണ്ട് വര്‍ഷത്തെ ജയില്‍വാസം ഊര്‍ജം നല്‍കി; താഹ ഫസല്‍
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫസല്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന താഹയ്ക്ക് സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സ് വഴി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു .
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ യു എ പി എ ചുമത്തിയതിലൂടെ ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും കപടമുഖം പുറത്തായതായെന്ന് താഹ ഫസല്‍ പ്രതികരിച്ചു. ജയലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു താഹ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

തങ്ങള്‍ യുഎപിഎക്കെതിരെയാണെന്ന് പറയുന്ന ഇടതുപക്ഷം യുഎപിഎ ചുമത്തിയപ്പോള്‍ അവരുടെ കാപട്യം തുറന്നുകാട്ടപ്പെട്ടെന്ന് താഹ പറഞ്ഞു. ജാമ്യം ലഭിച്ചത് ഒരുപാട് ആളുകളുടെ പ്രേയത്‌നത്തിന്റെ ഫലമായാണ്. രണ്ട് വര്‍ഷത്തെ ജയില്‍വാസം ഊര്‍ജം നല്‍കിയെന്നും രാജ്യത്ത് യു എ പി എ ജനങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ജനങ്ങളും സമൂഹവും അതിനോട് ജാഗ്രത പുലര്‍ത്തണമെന്നും താഹ കൂട്ടിച്ചേര്‍ത്തു.

മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കണമെന്നും താഹ പറയുന്നു. മകന് ജാമ്യം ലഭിച്ചതില്‍ ഒരുപാട് സന്തോമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. ജയിലില്‍ ആയതോടെ മകന്റെ പഠനം മുടങ്ങി. പഠിക്കാനുള്ള സൗകര്യം ജയിലില്‍ ഇല്ലായിരുന്നു. നാട്ടുകാരായ ചില പാര്‍ട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും താഹയുടെ ഉമ്മ പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും 2019 നവംബര്‍ ഒന്നിനാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. രണ്ട് പേര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയായിരുന്നു. കേസില്‍ പ്രാഥമിക തെളിവുകള്‍ പോലുമില്ലെന്ന് ചൂണ്ടിക്കാണിച്ച് വിചാരണ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

താഹയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇതേ കേസിലെ മറ്റൊരു പ്രതി അലന്‍ രംഗത്തെത്തിയിരുന്നു. താഹയുടെ ഈ ജാമ്യ വിധി ഒരു ചരിത്രമാണ്. നീതിയാണ്! സന്തോഷമാണ്!. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി ഞാന്‍ ഉള്ള അവസ്ഥയില്‍ നിന്ന് ഒരു സമാധാനം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല എന്നായിരുന്നു അലന്റെ പ്രതികരണം.












Click it and Unblock the Notifications