'ഇന്നേക്ക് ഒരു മാസമായി ഒരു വർക്ക് എങ്കിലും വന്നിട്ട്', അന്നം മുടക്കിയതിന് നന്ദിയെന്ന് ടാറ്റൂ ആർട്ടിസ്റ്റ്
കോഴിക്കോട്: കൊച്ചിയിലെ ടാറ്റൂ പാര്‍ലറില്‍ നിന്ന് ലൈംഗിക ആക്രമണം നേരിട്ടതായുളള പരാതികള്‍ ഉയര്‍ന്നത് മറ്റ് ടാറ്റൂ കലാകാരന്മാരെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ടാറ്റൂ ചെയ്യാനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പില്ലെന്ന തരത്തിലുളള പ്രചാരണം തന്റെ ജീവിതോപാധി അടച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കുകയാണ് കോഴിക്കോട്ടെ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സന്ദീപ് ടിവി.
സ്വന്തം ജോലി ഉപേക്ഷിച്ച് പാഷനായ ടാറ്റൂ ആര്‍ട്ടിലേക്ക് കടന്ന സന്ദീപ് ഇപ്പോള്‍ സ്വന്തം കരിയര്‍ ഇല്ലാതാകുന്നത് നിസഹായതയോടെ കണ്ട് നില്‍ക്കേണ്ടി വരികയാണ് എന്ന് പറയുന്നു.
സന്ദീപ് ടിപിയുടെ കുറിപ്പ് വായിക്കാം: '' നന്ദി എന്റെ അന്നം മുടക്കിയതിന്. ഇന്നേക്ക് ഒരുമാസമായി ഒരു വർക്ക് എങ്കിലും വന്നിട്ട്. ദിവസവും ഷോപ്പിൽ പോകും സാധനങ്ങളെല്ലാം അടുക്കിപെറുക്കി മെനയാക്കി വെക്കും ആരെങ്കിലും വരുമോ എന്നു നോക്കി രാവിലെ മുതൽ വൈകീട്ട് വരെ ഇരിപ്പ് നീളും.. കടപൂട്ടി തിരിച്ചുപോകും. ടാറ്റൂ പാർലർ നടത്തുന്ന ഞാനിപ്പോൾ ഇങ്ങനെയാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും.. കൊച്ചിയിലെ ടാറ്റൂ പാർലറിൽ സ്ത്രീകൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ പുറത്തു വന്നതിന് ശേഷം എന്റെ ജീവിതം ഇങ്ങനെയാണ്.

ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാൻ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല... അന്തി ചർച്ചകളിൽ ടാറ്റൂ പാർലറുകളിലെ കാമലീലകളെന്നും മഞ്ഞകലർത്തിയ വാർത്താ റിപ്പോർട്ടുകളും ആളുകളെ പിടിച്ചിരുത്താൻ അശ്ലീലം കലർത്തി ഉണ്ടാക്കിവെച്ച ഓണ്ലൈൻ വാർത്തകളും തകർത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്. മുൻകൂട്ടി ബുക് ചെയ്തവർ പലരും ടാറ്റൂ അടിക്കുന്നതിൽ നിന്നും പിന്മാറി അന്വേഷണങ്ങൾ പോലും ഇല്ലാതായി.
സദാചാര വാദങ്ങൾക്ക് ആക്കംകൂട്ടി മാധ്യമങ്ങൾ അഴിഞ്ഞാടിയപ്പോൾ ടാറ്റൂവിനെതിരായ നെഗറ്റിവ് ക്യാമ്പയിന് കൂടിയാണ് അത് തുടക്കമിട്ടത്. ടാറ്റൂ ആർട്ടിസ്റ്റുകൾ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് നിങ്ങൾ അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തി. ഇതുകേട്ട് എക്‌സൈസും വെറുതെ ഇരുന്നില്ല. അടഞ്ഞു കിടന്ന ഷോപ്പിൽ എത്തുകയും ഫോണിൽ ബന്ധപ്പെട്ട് മാനസികമായി തകർക്കും വിധം സംസാരിക്കുകയും ചെയ്തു.
എന്നാൽ കഴിയുന്നതിനും അപ്പുറം ശുചിത്വ മാർഗങ്ങൾ പാലിച്ചും ആലോസരങ്ങൾ ഒഴിവാക്കിയുമാണ് ഇന്നുവരെ ഓരോ ആളുകൾക്കും ടാറ്റൂ അടിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും.
റെന്റും കറന്റ് ചാർജും മെഷീൻ മെയിന്റനൻസും സ്വന്തം ചെലവും എല്ലാം കൂടെ സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്കപ്പുറം അത്രയും ഇഷ്ടത്തോടെ തിരഞ്ഞെടുത്ത മറ്റെന്തിനും അപ്പുറത്തേക്ക് പഠിക്കണമെന്നും വളർത്തിയെടുക്കണമെന്നും ആഗ്രഹിച്ച എന്റെ പ്രഫഷനാണ് നിങ്ങളുടെ സദാചാര കൃമികടിയിൽ ഇല്ലാണ്ടാവുന്നത്. ഞാനും നാലു കൊല്ലത്തോളം മാധ്യമപ്രവർത്തനം ചെയ്തവനാണ് നിങ്ങളീ ആർപ്പുവിളിക്കുന്ന സദാചാര വിഴുപ്പഴക്കലിൽ എവിടെയാണ് എത്തിക്സ്''.












Click it and Unblock the Notifications