കുന്ദമംഗലത്ത് പിഎസ്‌സി പരിശീലനകേന്ദ്രത്തിലെ ശുചിമുറിയില്‍ ഒളികാമറ: അധ്യാപകൻ റിമാൻഡിൽ
കോഴിക്കോട്: കുന്നമംഗലം ടൗണിലെ സ്വകാര്യ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാപനത്തിലെ അധ്യാപകന്‍ അറസ്റ്റിലായി. തിരുവനന്തപുരം വെട്ടുകാട് വിപിന്‍ നിവാസില്‍ പ്രവീണ്‍കുമാര്‍ (37) ആണ് പിടിയിലായത്. കുന്നമംഗലം പോലീസ് സ്‌റ്റേഷന്‍ റോഡിനു സമീപത്തെ കോച്ചിംഗ് സെന്ററിലാണ് സംഭവം. മഞ്ചേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രവീണ്‍ ഇവിടെ അവധി ദിനങ്ങളില്‍ ക്ലാസെടുക്കാറുണ്ട്.
ശുചിമുറിയിലെ ചൂലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പെന്‍കാമറ സ്ഥാപിച്ചത്. പിടിച്ചെടുത്ത കാമറയുടെ പ്രാഥമിക പരിശോധനയില്‍ ചില ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ മൊബൈലിലേക്കും മറ്റും മാറ്റിയതായി സംശയമുണ്ട്. ഇതേത്തുടര്‍ന്ന് കാമറയും മൊബൈല്‍ഫോണും കസ്റ്റഡയിലെടുത്ത് വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍സെല്ലിനു കൈമാറി. ഞായറാഴ്ച ഉച്ചയോടെ ശുചിമുറിയില്‍ പോയ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ചൂലിനുള്ളില്‍ പെന്‍കാമറ കണ്ടെത്തിയത്.

ഇവര്‍ അറിയിച്ചതോടെ പ്രവീണെത്തി കാമറ നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ ഇടപെടുകയും സ്ഥാപന അധികൃതരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കുന്നമംഗലം പോലീസില്‍ വിവരമറിയിച്ചത്. കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഇയാള്‍ ക്ലാസ് എടുക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications