ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളുടെ മൃതദേഹം: മൂന്നാമനെ രക്ഷപ്പെടുത്തി, ദുരൂഹത
കോഴിക്കോട്: വടകര ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. നെല്ലാച്ചേരി പള്ളിയുടെ പിറകിലായി ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ഇവര്‍ക്കൊപ്പം അവശനിലയിലായി കിടന്നിരുന്ന ചെറുതുരുത്തി സ്വദേശി ശ്രീരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യ നില വശളായ ശ്രീരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കിടന്നിരുന്ന പറമ്പില്‍ നിന്നും ഉപയോഗിച്ച് സിറിഞ്ച് ഉള്‍പ്പെടേയുള്ള വസ്തുക്കള്‍ എടച്ചേരി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പള്ളിക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.
മരണപ്പെട്ട രന്‍ദീപും, അക്ഷയും മുമ്പും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൃതദേഹങ്ങള്‍ കണ്ടെത്തിയ പറമ്പില്‍ ഇരുവരും സ്ഥിരമായി ഇരിക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആറുമാസം മുമ്പ് പറമ്പില്‍ ഇരുന്ന് ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.
ഇവര്‍ക്കൊപ്പം മറ്റു ചിലരും പറമ്പില്‍ സ്ഥിരമായി വരാറുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. മരിച്ച അക്ഷയിയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മ നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയത്.












Click it and Unblock the Notifications