പിണറായി സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; ഇടതിന് ഐതിഹാസിക വിജയം; ടിപി രാമകൃഷ്ണന്‍
കോഴിക്കോട്: പിണറായി വിജയൻ സർക്കാരിൻ്റെ രാഷ്ട്രീയ നയത്തിനും വികസന-ജനക്ഷേമ പദ്ധതികൾക്കും കേരളത്തിലെ ജനങ്ങൾ നൽകിയ അംഗീകാരമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേടിയ ഐതിഹാസിക വിജയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന എൽഡിഎഫിന്റെ മുദ്രാവാക്യം കേരള ജനത ഹൃദയത്തിലേറ്റു വാങ്ങി. എൽ ഡി എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ കച്ചകെട്ടിയിറങ്ങിയ യു ഡി എഫ് / ബിജെപി / വലതുപക്ഷ മാധ്യമ അവിശുദ്ധ സഖ്യത്തിന് ഈ ജനവിധി നല്ല പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച എൽ ഡി എഫ് സർക്കാരിനെ താഴെയിറക്കാൻ നുണക്കഥകളും അപവാദങ്ങളുമായി അഴിഞ്ഞാടിയവർക്ക് ജനങ്ങൾ നൽകിയ ശിക്ഷയാണ് ചരിത്രം സൃഷ്ടിച്ച ഈ വിജയം. അപവാദ വ്യവസായികളുടെ ജൽപനങ്ങളെ ജനം അപ്പാടേ തള്ളി. എൽ ഡി എഫ് സർക്കാരിന്റെ വികസന - ജനക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചവർക്കും, വർഗീയ ശക്തികൾക്കൊപ്പം നിന്ന് നേട്ടം കൊയ്യാം എന്ന് വ്യാമോഹിച്ചവർക്കും ജനങ്ങൾ കനത്ത തിരിച്ചടി നൽകി. എൽ ഡി എഫ് വിരുദ്ധ മാധ്യമനുണ നിർമ്മാണ മുറികളിലിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങളാണ് വിധികർത്താക്കളെന്ന് കേരളം ഒരിക്കൽ കൂടി തെളിയിച്ചു.

എൽ ഡി എഫിൻ്റെ ജനകീയാടിത്തറ വിപുലവും സുദൃഢവുമാവുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജനങ്ങൾക്കൊപ്പം നിന്ന് വികസന - ക്ഷേമപദ്ധതികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകും.
എൽ ഡി എഫി ന്റെ ഉജ്വല വിജയം ജനങ്ങളുടെ വിജയമാണ്. കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications