അടിമുടി മാറുന്നോ മുസ്ലിം ലീഗ്; വനിതാ പ്രാതിനിധ്യം വേറിട്ട കാഴ്ച... പിന്നെയുമുണ്ട്...
കോഴിക്കോട്: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനം പല കാരണങ്ങള്‍ കൊണ്ട് വേറിട്ടതായി. സമസ്ത ഉള്‍പ്പെടെയുള്ള ഒരു സംഘടനയുടെയും പ്രതിനിധികളെ ഔദ്യോഗികമായി ക്ഷണിക്കാതെ നടത്തിയ സമ്മേളനത്തിലേക്ക് ആയിരങ്ങളെ എത്തിക്കാന്‍ സാധിച്ചത് ലീഗിന്റെ ശക്തിയായി വിലയിരുത്തുന്നു.
മുസ്ലിം ലീഗിന്റെ ശക്തിപ്രകടനം കൂടിയാണ് കടപ്പുറത്ത് കണ്ടത്. സമസ്ത നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ഘട്ടത്തിലാണ് മുസ്ലിം ലീഗ് സമ്മേളനം എന്നതും എടുത്തുപറയേണ്ടതാണ്. സമസ്തയുടെ പിന്തുണയില്ലെങ്കില്‍ മുസ്ലിം ലീഗിന് നേട്ടങ്ങള്‍ അപ്രാപ്യമാണ് എന്ന നിലപാടുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായി സമ്മേളനം. തികഞ്ഞ അച്ചടക്കത്തോടെ സമ്മേളനം നടത്താന്‍ പാര്‍ട്ടി ശ്രമിച്ചു എന്നതും എടുത്തുപറയേണ്ടതാണ്.

നേരത്തെ പാര്‍ട്ടി വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ മാത്രമേ വിളിക്കാവൂ, പാര്‍ട്ടി നല്‍കിയ ബാനറും പ്ലക്കാര്‍ഡുകളും പാര്‍ട്ടി പതാകയും മാത്രമേ ഉയര്‍ത്താവൂ തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ നേതൃത്വം അണികള്‍ക്ക് നല്‍കിയിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തീരുമാനിച്ച സമ്മേളനം വലിയ ജനപങ്കാളിത്തത്തോടെ വിജയമാക്കാന്‍ സാധിച്ചതും മുസ്ലിം ലീഗിന്റെ സംഘശക്തി വരച്ചുകാട്ടുന്നു.
മുദ്രാവാക്യം പ്രവര്‍ത്തകര്‍ തോന്നിയ പോലെ വിളിച്ചാല്‍ കാസര്‍കോട് സംഭവിച്ച പോലുള്ള അബദ്ധങ്ങളുണ്ടാകുമെന്നും സമ്മേളനത്തിന്റെ ചര്‍ച്ച വഴിമാറാന്‍ അതുകാരണമാകുമെന്നും മുസ്ലിം ലീഗ് നേതൃത്വം അണികളെ ബോധവല്‍ക്കരിച്ചിരുന്നു. അതിനെല്ലാം പുറമെ കോഴിക്കോട് സമ്മേളനത്തെ വ്യത്യസ്തമാക്കിയത് വനിതാ പ്രാതിനിധ്യമാണ്.

തെക്കന്‍ ജില്ലകളില്‍ നിന്നുവരെ വനിതകള്‍ മുസ്ലിം ലീഗിന്റെ പലസ്തീന്‍ സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്തെത്തി എന്നതാണ് എടുത്തു പറയേണ്ടത്. പലസ്തീനില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായതിനാല്‍ തങ്ങള്‍ക്ക് മാത്രം വിട്ടുനില്‍ക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നാണ് ഫാത്തിമ തഹ്ലിയ ചോദിച്ചത്. ലോക രാജ്യങ്ങള്‍ക്കുള്ള ഒരു സന്ദേശം കൂടിയാണ് ഈ സമ്മേളനം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. ലോക വേദികളില്‍ പ്രതിനിധീകിച്ച് പരിചയ സമ്പത്തുള്ള വ്യക്തിത്വമായതിനാലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് ലീഗ് നേതൃത്വം പറയുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ മറ്റു മുതിര്‍ന്ന നേതാക്കളെ പോലും വിളിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. പലസ്തീന്‍ പോലുള്ള വിഷയത്തില്‍ നടത്തുന്ന സമ്മേളനം മുസ്ലിം ലീഗിന്റേത് മാത്രമാക്കി ഒതുക്കരുത് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഹമാസിനെ ഭീകരവാദികള്‍ എന്ന് ശശി തരൂര്‍ പരാമര്‍ശിച്ചതും ചര്‍ച്ചയായിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ച് 1400 പേരെ കൊലപ്പെടുത്തി എന്നാണ് തരൂര്‍ പ്രസംഗിച്ചത്. 200 പേരെ ബന്ദികളാക്കി. ഇതിന് മറുപടിയായി ഇസ്രായേല്‍ 6000 പേരെ കൊന്നുകഴിഞ്ഞു. ഇപ്പോഴും ബോംബിങ് തുടരുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications