ബാലുശ്ശേരി എൽഡിഎഫ്- യുഡിഎഫ് സംഘർഷം: മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ്- എൽഡിഎഫ് സംഘർഷത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കരുമലയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കരുമല സ്വദേശികളായ നസീർ, വിപിൻ, മനോജ് എന്നിവരാണ് അറസ്റ്റിലായത്. യുഡിഎഫ് പ്രകടനം നടത്തുന്നതിനിടെ പ്രദേശത്തെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരു മുന്നണികളെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചതിന് പിന്നാലെ നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ സംഘർഷങ്ങളുടലെടുത്തിരുന്നു.
എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ എകരൂലിലെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് ചിലർ തീവെച്ചിരുന്നു. പുലർച്ചെ രണ്ടരയോടെയുണ്ടായ ആക്രമണത്തിൽ ഓഫീസിലെ ഫർണിച്ചറുകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.

ഇതിന് പുറമേ ബാലുശ്ശേരിയിൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. കിഴക്കെവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്ത് സന്ദർശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതെച്ചൊല്ലിയുള്ള സംഘർഷമാണ് ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നത്.
കഴിഞ്ഞദിവസം ബാലുശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു. ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകരെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications