കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. ഡിഎംഒയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും കർശന നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസുകാരിയാണ് ചികിത്സാ പിഴവിന് ഇരയായത്. കയ്യിലെ ആറാം വിരൽ മുറിച്ച് മാറ്റാനുള്ള ശസ്ത്രക്രിയ നടത്താനായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്. എന്നാൽ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നും കുട്ടി കരഞ്ഞപ്പോൾ അത് ശ്രദ്ധയിൽ പെട്ടു, അതോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരൽ നീക്കം ചെയ്തിരുന്നു.കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാൻ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞു.
അതേസമയം കുട്ടിയുടെ നാവിന് ഒരു ചികിത്സയും തേടിയിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു കാര്യവും ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. കുട്ടിയെ ശസ്ത്രക്രിയക്ക് കൊണ്ടുപോകുമ്പോൾ ഞങ്ങൾ ഒപ്പമുണ്ടായിരുന്നില്ല. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് കാര്യം അറിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നുവെന്നും ശസ്ത്രക്രിയ മാറിപ്പോയതിൽ ഡോക്ടർ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.












Click it and Unblock the Notifications