താമരശ്ശേരിയില്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയ വ്യാപാരി മുഹമ്മദ് അഷ്‌റഫ് വീട്ടില്‍ തിരിച്ചെത്തി. ഇയാളെ തട്ടിക്കൊണ്ട് പോയവര്‍ തന്നെ മോചിപ്പിച്ചതാണെന്ന് സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ തിരികെയെത്തിയത്.
പോലീസ് വ്യാപാരിക്കായി നാടാകെ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് അഷ്‌റഫ് തിരിച്ചെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ഇയാളെ കൊല്ലത്ത് കണ്ണെകെട്ടി തട്ടിക്കൊണ്ടുപോയവര്‍ ഇറക്കിവിടുകയായിരുന്നു. അഷ്‌റഫ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പോലീസ് ഇതെല്ലാം പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അഷ്‌റഫ് കൊല്ലത്ത് നിന്ന് ബസ് കയറിയാണ് കോഴിക്കോട്ടെത്തി. അതേസമയം അഷ്‌റഫിന്റെ മൊബൈല്‍ ഫോണ്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ നഷ്ടമായിരുന്നു. അതുകൊണ്ടാണ് ആരെയും ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതെന്നാണ് അഷ്‌റഫ് പറയുന്നത്. ഇയാളില്‍ നിന്നും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. താമരശ്ശേരി പോലീസ് അഷ്‌റവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
രാത്രി മുക്കത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ് അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ വെഴുക്കൂര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് കാറിലെത്തിയ സംഘം അഷ്‌റഫിന്റെ സ്‌കൂട്ടര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ദൃക്‌സാക്ഷികളായ. ബൈക്ക് യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
നേരത്തെ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഹമ്മദ് ജൗഹര്‍ എന്ന പുത്തനത്താണി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അതേസമയം സ്വര്‍ണക്കടത്തിലേക്കുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.
മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഷ്‌റഫിന്റെ ഭാര്യാ സഹോദരന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പോലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എന്നിട്ടും അഷ്‌റഫ് എവിടെയുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം മുഹമ്മദ് ജൗഹര്‍ തിങ്കളാഴ്ച്ച രാത്രി കരിപ്പൂര്‍ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അറസ്റ്റിലായത്. നിലവില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച് വാഹനങ്ങളിലൊന്നായ സുമോ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം കോട്ടക്കലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications