പേരാമ്പ്രയില്‍ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം: അപകടം തുടർക്കഥയായി കോഴിക്കോട്-കുറ്റ്യാടി റൂട്ട്
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ അമ്മദിനെ ഇടിക്കുകയായിരുന്നു. ബസ് വയോധികന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ പ്രവേശിക്കുമ്പോള്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന അമ്മദിനെ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ് സർവ്വീസുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും ഏറെ നേരം പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാന്റിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.
സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട അമ്മദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിത വേഗം ജനങ്ങളുടെ ജീവനെടുക്കുന്നത് നിത്യസംഭവങ്ങളായി മാറുകയാണ്. ഇന്നത്തെ അപകടത്തിനും കാരണമായത് അശ്രദ്ധയും അമിത വേഗതയുമാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications