കോഴിക്കോട് പത്തുവയസുകാരിക്കു പീഡനം: രണ്ട് പ്രതികൾ അറസ്റ്റിൽ, കുട്ടിയുടെ വെളിപ്പെടുത്തല്‍ അധ്യാപകരോട്
കോഴിക്കോട്: നാദാപുരം വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ പത്ത് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ വളയം പോലീസ് രജിസ്റ്റർ ചെയ്തു. വാണിമേൽ പാറോള്ളതിൽ ശശി( 37), തമിഴ് നാട് മാർത്താണ്ഡം സ്വദേശി ബിനു ( 27 ) എന്നിവരെയാണ് വളയം സിഐ എ.വി.ജോൺ അറസ്റ്റ് ചെയ്തത്.
2016 ൽ കോട്ടയത്ത് താമസിച്ച് വരുമ്പോഴാണ് കുട്ടി ആദ്യം പീഡനത്തിനിരയായത്. നാല് മാസം മുമ്പാണ് വിദ്യാർത്ഥിനിയും കുടുംബവും വാണിമേൽ പുതുക്കുടിയിൽ വാടക വീട്ടിൽ താമസമാക്കിയത്. ഇവിടുത്തെ സ്‌കൂളിൽ ചേർക്കുകയും ചെയ്തിരുന്നു. സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ കുട്ടിയിൽ നിന്നും വിവിരങ്ങൾ ചോദിച്ചറിഞ്ഞു.

വിശദമായി സംസാരിച്ചതോടെ പീഡനത്തെ കുറിച്ച് കുട്ടി പറയുകയായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കിയ അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നതായുള്ള ചൈൽഡ് ലൈനിന്റെ പരാതിയിൽ വളയം പോലീസ് പോക്‌സോ പ്രകാരമാണ് അഞ്ച് കേസുകളെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് സി ഐ പറഞ്ഞു.
പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ് പ്രദേശവാസികൾ അറിഞ്ഞത്. സംഭവത്തിൽ പ്രദേശവാസിയായ ഒരാൾ ഉൾപ്പെട്ടുവെന്നതും ഞെട്ടലുളവാക്കിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കി മുഴുവൻ പ്രതികളെയും പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. സ്‌കൂൾ അധികൃതരുടെ സമയോചിത ഇടപെടലാണ് പീഡനവിവരം പുറത്തറിയാനും പ്രതികൾ കുടുങ്ങാനും ഇടയാക്കിയത്.












Click it and Unblock the Notifications