ട്യൂഷന് പോയ സഹോദരങ്ങള്‍ക്ക് വെള്ളക്കെട്ടില്‍ വീണ് ദാരുണാന്ത്യം: ദുഃഖത്തിലമർന്ന് താമരശ്ശേരി
കോഴിക്കോട്: കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിന്റെയും (മുട്ടായി) നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച വെകുന്നേരം മൂന്ന് മണിയോടെ ഇരുവരേയും കാണാതായതിനെ തുടർന്നായിരുന്നു നാട്ടുകാർ തിരച്ചില്‍ ആരംഭിച്ചത്. വീടിന് സമീപത്ത് ട്യൂഷന് പോയ സഹോദരങ്ങള്‍ ക്ലാസിന് എത്തിയില്ലെന്ന് ട്യൂഷന്‍ ടീച്ചർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിന് ശേഷം പാറയ്ക്ക് സമീപത്തുള്ള വെള്ളക്കെട്ടിന് അടുത്തായി കുട്ടികളുടെ ചെരുപ്പും ബാഗും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ നിന്ന് കുട്ടികളെ കണ്ടെത്തുകയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുഹമ്മദ് ഹാദിയുടെയും മുഹമ്മദ് ആഷിറിൻ്റെയും മൃതദേഹങ്ങൾ കോരങ്ങാട് ജി എം എൽ പി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോരങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

താമരശ്ശേരി കോരങ്ങാട് ജി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി. മുഹമ്മദ് ആഷിർ കോരങ്ങാട് ജി എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്നും ശക്തമായ മഴ തുടരുകയാണ്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്ന ജാഗ്രത രക്ഷിതാക്കള്‍ പുലർത്തണമെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയില്‍ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ 19 മില്ലീമീറ്റർ മഴ പെയ്തു. താമരശ്ശേരി താലൂക്കിൽ 9 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നപ്പോള്‍ വടകര താലൂക്കിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ഇരവഞ്ഞി പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു. 27-ാം തിയതി വരെ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി.
അതേസമയം, വടക്കന്‍ കേരളത്തില്‍ ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇന്നും തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് യെല്ലോ അലർട്ടായി മാറ്റി. ഈ ജില്ലകള്‍ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലും ജാഗ്രതാ നിർദേശം നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications